അട്ടപ്പാടിയിൽ മധു കൊല്ലപ്പെട്ട കേസിന്റെ വിധി പുറത്തുവന്നതിന് പിന്നാലെ കോടതിക്കെതിരെ മധുവിന്റെ കുടുംബം. മണ്ണാർക്കാട് മജിസ്‌ട്രേറ്റ് എസ് എസി/ എസ് ടി കോടതി വിധിയിൽ മധുവിന് നീതി കിട്ടിയില്ലെന്ന് സഹോദരി സരസു പറഞ്ഞു. കോടതിക്ക് നടന്നതൊന്നും മനസ്സിലായില്ല. ശിക്ഷ കുറഞ്ഞതിൽ മേൽക്കോടതിയെ സമീപിക്കും. ആദിവാസികൾക്കു വേണ്ടിയുള്ള കോടതി തങ്ങൾക്ക് നീതി നൽകിയില്ലെന്നും വിചാരണ വൈകിയത് പ്രതികൾക്ക് അനുകൂലമായെന്നും സരസു പറഞ്ഞു.
പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി ശിക്ഷ വിധിക്കാത്ത കോടതി വാദികൾക്കൊപ്പമായിരുന്നില്ലെന്ന് മധുവിന്റെ സഹോദരി പറഞ്ഞു. കേസിനെ പ്രതികൾ അട്ടിമറിച്ചു. നാല് വർഷം ആരും ഒപ്പമുണ്ടായിരുന്നില്ല. ആ സമയം പ്രതികൾക്ക് അനുകൂലമായ രീതിയിൽ സാക്ഷികളെ സ്വാദീനിക്കാനടക്കം സാധിച്ചുവെന്നും നീതി തേടി മേൽക്കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.