ജെ ഡി എസ്-ബിജെപി ബന്ധം; തെളിയുന്നത് സിപിഐഎമ്മിന്റെ ബി ജെ പി വിധേയത്വമെന്ന് രമേശ് ചെന്നിത്തല
ബി ജെ പി മുന്നണിയുടെ ഭാഗമായ ജനതാദൾ എസ്സിനെ ഇടതു മുന്നണിയിൽ തന്നെ നില നിർത്തിയിരിക്കുന്നതിലൂടെ ഇടതു മുന്നണിയുടെ ബി ജെ പി വിധേയത്വമാണ് വെളിപ്പെട്ടിരിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല .ബി ജെ പിയുമായി സി പി എമ്മിന് നേരത്തേ തന്നെ ബാന്ധവമുണ്ട്. ഇപ്പോൾ ജെ ഡി എസ്, ബി ജെ പി മുന്നണിയിൽ ചേർന്നിട്ടും സി പി എമ്മിനും ഇടതു മുന്നണിക്കും അലോസരമൊന്നും തോന്നാതിരിക്കുന്നത് അവരുടെ രഹസ്യ ബന്ധം കാരണമാണെന്നും അദ്ദേഹം വിമർശിച്ചു.
ബി ജെ പിയെ എതിർക്കുന്നതിൽ വാചക കസർത്ത് മാത്രമേ ഇടതു മുന്നണിക്കും സി പി ഐ എമ്മിനുമുള്ളൂ. അല്പമെങ്കിലും ധാർമ്മികത അവശേഷിച്ചിട്ടുണ്ടെങ്കിൽ ജെ ഡി എസ്സിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാനുള്ള ആർജ്ജവം ഇടതു മുന്നണി കാണിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.