നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമർശം; അതുകൊണ്ടാണ് നടപടിയെടുത്തതെന്ന് എം.വി ജയരാജൻ

Update: 2025-02-02 11:17 GMT

എ ഡി എം നവീൻ ബാബുവിന്‍റെ മരണത്തിന് കാരണം പി പി ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമർശമായിരുന്നെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. അതുകൊണ്ടാണ് ആ പരാമർശം തെറ്റെന്ന് പറഞ്ഞതെന്നും അപ്പോൾ തന്നെ ദിവ്യയ്ക്ക് എതിരെ നടപടി എടുത്തുവെന്നും ജയരാജൻ വിശദീകരിച്ചു.

ആ കാഴ്ചപ്പാടാണ് പാർട്ടിക്ക് അന്നും ഇന്നും ഉള്ളതെന്നും ജില്ലാ സെക്രട്ടറി കണ്ണൂർ സമ്മേളനത്തിനിടയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ വ്യക്തമാക്കി. ജില്ലാ സമ്മേളനത്തിനിടെ ദിവ്യക്കെതിരെ പ്രതിനിധികളുടെ ഭാഗത്ത് നിന്നും വിമർശനമുയർന്നോയെന്ന ചോദ്യത്തിനായിരുന്നു എം വി ജയരാജന്‍റെ മറുപടി.

നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമർശമെന്ന് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ദിവ്യയുടേത് ഔചിത്യമില്ലാത്ത പെരുമാറ്റമായെന്ന് പ്രതിനിധികൾ വിമർശിച്ചപ്പോൾ, അവർക്കെതിരെ നടപടിയെടുത്തതിനെതിരെയും ചോദ്യവുമുയർന്നു.

അഴിമതിക്കെതിരായ സദുദ്ദേശ പരാമർശമെന്ന് വിലയിരുത്തി പി പി ദിവ്യയെ ന്യായീകരിച്ച് തുടങ്ങിയ സി പി എം കണ്ണൂർ ഘടകം, ജില്ലാ സമ്മേളനത്തിലെത്തുമ്പോൾ അവരെ പൂർണമായി തളളുന്ന നിലപാടാണ് സ്വീകരിച്ചത്. പാർട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കിയതിനായിരുന്നു ജില്ലാ കമ്മിറ്റിയിൽ നിന്നും പിപി ദിവ്യയെ തരം താഴ്ത്തിയത്. ന്യായീകരിക്കാനാകാത്ത തെറ്റായ പരാമർശമെന്ന് പ്രവർത്തന റിപ്പോർട്ടിൽ ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

ദിവ്യയെ അനുകൂലിച്ചും എതിർത്തും സമ്മേളനത്തിൽ ചർച്ചയുണ്ടായി. റിമാൻഡിൽ കഴിയുന്നതിനിടെ പാർട്ടി നടപടിയെടുത്തത് ശരിയായില്ലെന്നും പൊലീസും പാർട്ടിയും മാധ്യമവിചാരണയ്ക്ക് വഴങ്ങിയെന്നും വിമർശനം ഉയര്‍ന്നു. എന്നാൽ, ഉപതെരഞ്ഞെടുപ്പ് കാലത്ത് ദിവ്യയുടെ ഔചിത്യമില്ലാത്തതും പദവിക്ക് നിരക്കാത്തതുമായ പെരുമാറ്റം പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന അഭിപ്രായവും ഉയര്‍ന്നുവന്നു.

Tags:    

Similar News