അര്‍ജുനെ കാണാതായിട്ട് എട്ടുദിവസം; ഇന്ന് പുഴ കേന്ദ്രീകരിച്ച് തെരച്ചില്‍ നടത്തും

Update: 2024-07-23 01:37 GMT

ഉത്തര കന്നഡയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശി അര്‍ജുനെകാണാതായിട്ട് ഇന്നേക്ക് എട്ടുദിവസം.കൂടുതല്‍ റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ച്‌ അര്‍ജുനായുള്ള തെരച്ചില്‍ ഇന്നും തുടരും.ഇന്നുമുതല്‍ പുഴ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടക്കുക.


സൈന്യത്തിന്‍റെ നേതൃത്വത്തിലായിരിക്കും തെരച്ചില്‍. ഇന്നലെ വൈകിട്ടോടെ,പുഴയ്ക്ക് അടിയില്‍ നിന്ന് പുതിയ സിഗ്നല്‍ കിട്ടിയിരുന്നു.ലോറി കരഭാഗത്ത് ഇല്ലെന്നും മണ്ണില്‍ പുതഞ്ഞ് പോകാനുള്ള സാധ്യത തള്ളാനാവില്ലെന്നും സൈന്യം വ്യക്തമാക്കി.


ഗംഗാവലി നദിക്കടിയില്‍ നിന്ന് കിട്ടിയ സിഗ്നല്‍ കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന. പുഴയില്‍ കര ഭാഗത്ത് നിന്ന് 40 മീറ്റ‌ർ അകലെയാണ് സിഗ്നല്‍ കിട്ടിയിട്ടുള്ളത്. ലോറി ചളിമണ്ണില്‍ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന് സൈന്യം പറയുന്നു. എന്നാല്‍, കനത്ത ഒഴുക്കാണ് പുഴയിലുള്ളത്. നാവികസേന സിഗ്നല്‍ കിട്ടിയ സ്ഥലത്ത് ഇന്ന് വിശദമായ തെരച്ചില്‍ നടത്തും.വെള്ളത്തില്‍ ഉപയോഗിക്കാവുന്ന ഫെറക്സ് ലൊക്കേറ്റർ 120-യും ഡീപ് സെർച്ച്‌ മൈൻ ഡിറ്റക്റ്ററും ഉപയോഗിച്ചാവും സിഗ്നല്‍ ലഭിച്ച ഭാഗത്ത് തെരച്ചില്‍ നടത്തുക.


കാണാതായ കോഴിക്കോട് സ്വദേശി അർജുനും ലോറിയും കരയിലെ മണ്‍കൂനയ്ക്ക് അടിയിലില്ലെന്ന് ഇന്നലത്തെ തെരച്ചിലിൻ്റെ അവസാനമാണ് സൈന്യം സ്ഥിരീകരിച്ചത്. റോഡില്‍ മണ്ണിനടിയില്‍ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്.



കഴിഞ്ഞ ദിവസം 98 ശതമാനം മണ്ണും നീക്കിയെന്നും ലോറിയുടെ സാന്നിധ്യമില്ലെന്നും കർണാടക സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, സൈന്യമെത്തിയതോടെ പ്രതീക്ഷ കൂടി. പക്ഷെ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ച്‌ കൊണ്ട് ലോറി കരയിലില്ലെന്ന് സൈന്യം സ്ഥിരീകരിക്കുകയായിരുന്നു. തെരച്ചില്‍ ഏഴു ദിവസം പിന്നിട്ടിട്ടും അര്‍ജുനെ കാണാത്തതില്‍ വലിയ നിരാശയിലാണ് കുടുംബം.

Tags:    

Similar News