ആൾക്കൂട്ടം മർദിച്ച ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പൊലീസ് പട്ടികവിഭാഗ പീഡന നിരോധന നിയമം കൂടി ഉൾപ്പെടുത്തി. മെഡിക്കൽ കോളജ് അസി.കമ്മിഷണർ അന്വേഷണ ഉദ്യോഗസ്ഥനായി പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു.
ഭാര്യയുടെ പ്രസവത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ വയനാട് കൽപറ്റ വെള്ളാരംകുന്ന് സ്വദേശി വിശ്വനാഥനെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പൊലീസ് നടപടി. കേസിൽ പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നു പട്ടികജാതി പട്ടിക വർഗ കമ്മിഷൻ ചെയർമാൻ ചൊവ്വാഴ്ച നടന്ന സിറ്റിങ്ങിൽ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് തള്ളിയ കമ്മിഷൻ പൊലീസിനെതിരെ രൂക്ഷവിമർശനവും ഉയർത്തി. പിന്നാലെ ഉത്തരമേഖലാ ഐജി നീരജ് ഗുപ്ത കേസുമായി ബന്ധപ്പെട്ടു കമ്മിഷണറോടു വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
കമ്മിഷണർ മെഡിക്കൽ കോളജ് സ്റ്റേഷനിൽ നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് പരിശോധിച്ചശേഷം ഐജിയുടെ നിർദേശ പ്രകാരമാണ് കേസിൽ പട്ടികവിഭാഗ പീഡന നിരോധന നിയമം ഉൾപ്പെടുത്തിയത്. ആത്മഹത്യാപ്രേരണ, സംഘം ചേർന്നു തടഞ്ഞുവയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു ഇതുവരെയുള്ള അന്വേഷണം.
പട്ടികവിഭാഗ പീഡന നിരോധന നിയമം ചുമത്തുന്ന കേസുകൾ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാണു ചട്ടം. ഇതിനാലാണ് മെഡിക്കൽ കോളജ് അസി.കമ്മിഷണർ കെ.സുദർശനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചത്. നേരത്തേ കേസ് അന്വേഷിച്ചിരുന്ന മെഡിക്കൽ കോളജ് ഇൻസ്പെക്ടർ എം.എൽ.ബെന്നി ലാലു പുതിയ അന്വേഷണ സംഘത്തിലുണ്ട്. ഡിസിപി കെ.ഇ.ബൈജുവിനാണ് മേൽനോട്ടച്ചുമതല. അന്വേഷണ പുരോഗതി ഐജി ഇന്നലെയും വിലയിരുത്തി.
ഐജിയുടെ നിർദേശ പ്രകാരം ഡിസിപി കെ.ഇ.ബൈജു ഇന്നലെ രാവിലെ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെത്തി സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. വൈകിട്ട് വീണ്ടും സ്റ്റേഷനിലെത്തി പുതിയ അന്വേഷണ സംഘം യോഗം ചേർന്നു.