ജർമനിയിലേക്ക് കടന്ന രാഹുലിനെ പിടികൂടാൻ നീക്കം; റെഡ് കോർണർ നോട്ടീസ് പുറത്തിറക്കും, അപേക്ഷ നൽകി

Update: 2024-05-21 05:54 GMT

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുലിനെ കണ്ടെത്താനായി റെഡ് കോർണർ നോട്ടീസ് പുറത്തിറക്കും. ഇതിനായി ക്രൈംബ്രാഞ്ച് എഡിജിപി അപേക്ഷ നൽകിയിട്ടുണ്ട്. സിബിഐ ഡയറക്ടർക്കാണ് അപേക്ഷ നൽകിയത്. വ്യാഴാഴ്ച അപേക്ഷ ഇന്റർപോളിന് കൈമാറുമെന്നാണ് വിവരം. ഗാർഹിക പീഡനക്കേസിന് പിന്നാലെ രാഹുൽ ജർമനിയിലേക്ക് കടന്നിരുന്നു. രാഹുലിനെ കണ്ടെത്താനായി നേരത്തെ ഇന്റർപോൾ മുഖേന പൊലീസ് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് പുതിയ നീക്കം.

രണ്ടു ദിവസത്തിനകം റിപ്പോർട്ട് ഫ്രാൻസിലെ ഇന്റർപോൾ ആസ്ഥാനത്ത് എത്തിക്കും. ഈ റിപ്പോർട്ടിൽ സംസ്ഥാന ആഭ്യന്തര വകുപ്പിന് വിശദമറുപടി ലഭിച്ച ശേഷമേ പ്രതിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കൂ. രാഹുൽ ജർമനിയിലേക്ക് കടന്നെന്ന് മുൻപ് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു. കൂടാതെ രാഹുൽ ജർമനിയിലെത്തിയെന്ന് സുഹൃത്ത് രാജേഷും മൊഴി നൽകിയിട്ടുണ്ട്. ബംഗളൂരു വഴി വിദേശ രാജ്യത്തേക്ക് പോയതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. രാഹുലിന് രക്ഷപ്പെടാൻ അവസരമൊരുക്കിയ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശരത് ലാലിനെ അധികൃതർ സസ്പെൻഡുചെയ്തിട്ടുണ്ട്. പ്രതിയെ രാജ്യം വിടാൻ സഹായിച്ചത് ഇയാളാണെന്ന് വ്യക്തമായ സ്ഥിതിക്കാണ് നടപടി. സംഭവദിവസം ഇയാൾ പന്തീരങ്കാവ് സ്റ്റേഷനിലെ ജി ഡി ഡ്യൂട്ടിയിലായിരുന്നു. കൊലപാതക ശ്രമ കുറ്റം ചുമത്താനുള്ള നീക്കം ശരത്ലാൽ രാഹുലിനെ അറിയിക്കുകയായിരുന്നു. പോലീസിനെ വെട്ടിച്ച് ചെക്പോസ്റ്റ് കടക്കാനും ഇയാൾ രാഹുലിനെയും രാജേഷിനെയും സഹായിച്ചെന്നും അന്വേഷണത്തിൽ വ്യക്തമായെന്നാണ് റിപ്പോർട്ട്.

Tags:    

Similar News