കേരളത്തിൽ ഇന്ന് മുതൽ റേഷൻ വിതരണം സ്തംഭിക്കും; വ്യാപാരികളുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു
സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ വിതരണം സ്തംഭിക്കും. പതിനാലായിരത്തിലധികം വരുന്ന റേഷൻ വ്യാപാരികൾ ഇന്നുമുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കിലാണ്. വേതന പാക്കേജ് പരിഷ്കരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് റേഷൻ വ്യാപാരി സംഘടനകളുടെ നിലപാട്. ഭക്ഷ്യ മന്ത്രിയും ധനമന്ത്രിയും കയ്യൊഴിഞ്ഞതോടെ മുഖ്യമന്ത്രി ഇടപെട്ട് ഉറപ്പുനൽകിയാൽ സമരം പിൻവലിക്കാം എന്നാണ് വ്യാപാരികളുടെ തീരുമാനം.
വാതിൽപ്പടി വിതരണക്കാർ ഭക്ഷ്യധാന്യങ്ങൾ കടകളിൽ എത്തിച്ചാലും ധാന്യങ്ങൾ സ്വീകരിക്കില്ലെന്നും വ്യാപാരികൾ അറിയിച്ചിട്ടുണ്ട്. ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യങ്ങൾ നിഷേധിച്ചാൽ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കേണ്ടി വരും എന്നാണ് സർക്കാർ മുന്നറിയിപ്പ്.
ചർച്ചകൾ അവസാനിച്ചിട്ടില്ലെന്നും ധനസ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ച് ശമ്പള പരിഷ്കരണം വരുത്താമെന്നുമാണ് ഭക്ഷ്യമന്ത്രി വ്യാപാരികളെ അറിയിച്ചിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനമാണ് വ്യാപാരികളുടെതെന്നും ഭക്ഷ്യ മന്ത്രി പറഞ്ഞു. അർഹരായ ഒരാൾക്കും റേഷൻ കിട്ടാതെ വരുന്ന സാഹചര്യം ഉണ്ടാകില്ല എന്നും മന്ത്രി ജി.ആർ അനിൽ വ്യക്തമാക്കി.