വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കയറി കൊട്ടിക്കലാശം ; ഇനി നിശബ്ദ പ്രചാരണം , ചിലയിടങ്ങളിൽ നേരിയ സംഘർഷം
ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശമായി. ഏറെ ആവേശത്തോടെയായിരുന്നു ഇരു മണ്ഡലങ്ങളിലും കൊട്ടിക്കലാശം നടന്നത്. ഇരുമണ്ഡലങ്ങളിലും പരസ്യപ്രചരണം അവസാനിച്ചു. അതിനിടെ, വണ്ടൂരിൽ പൊലീസും യുഡിഎഫും തമ്മിൽ സംഘർഷം. തിരുവമ്പാടിയിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിലും നേരിയ സംഘർഷമുണ്ടായി. ചേലക്കരയില്‍ എൽഡിഎഫ് കൊട്ടിക്കലാശസ്ഥലത്തും നേരിയ സംഘർഷമുണ്ടായി. ബിജെപിയുടെ പ്രചാരണവണ്ടി കൊണ്ടിട്ടതിനെ ചൊല്ലിയായിരുന്നു ബഹളം. പൊലീസ് പ്രവർത്തകരെ പിടിച്ച് മാറ്റി.
യുഡിഎഫ് അണികളെ ആവേശത്തിലാക്കി ബത്തേരിയിൽ സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും റോഡ് ഷോ നടത്തി. വൈകീട്ട് തിരുമ്പാടിയിലും ഇരുവരുടെയും റോഡ് ഷോയും നടത്തി. പ്രിയങ്കയുടെ ചിത്രം പതിച്ച തൊപ്പിയുമണിഞ്ഞ് ജനസാഗരമാണ് എത്തിയത്. പ്രചാരണം തുടരുന്ന എൽഡിഎഫ് സ്ഥാനാര്‍ത്ഥി സത്യൻ മൊകേരി വൈകീട്ട് കൽപ്പറ്റയിലെ കൊട്ടിക്കലാശത്തിലാണ് പങ്കെടുത്തത്. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസും ക്രെയിനിൽ കയറിയാണ് പരസ്യ പ്രചാരണം അവസാനിപ്പിച്ചത്. ഇന്നേവരെ കാണാത്ത കാടിളക്കിയ പ്രചാരണമാണ് ചേലക്കരയിൽ ഇത്തവണ കണ്ടത്. കൊട്ടിക്കലാശത്തിലും അതേ ആവേശമായിരുന്നു. വൈകിട്ട് ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാർത്ഥികളും പങ്കെടുത്തുള്ള കൊട്ടിക്കലാശം നടന്നത്. ചേലക്കരയിൽ രമ്യ ഹരിദാസിനൊപ്പം രാഹുൽ മാക്കൂട്ടത്തിലും ചാണ്ടി ഉമ്മനും വി കെ ശ്രീകണ്ഠനും കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു.
പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലും മുന്നണികള്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ്. വയനാട്ടിലും ചേലക്കരയിലും നാളെ നിശബ്ദ പ്രചാരണമായിരിക്കും. നവംബര്‍ 13 നാണ് വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ്. പാലക്കാട്ടിലെ ജനങ്ങള്‍ 20 നാണ് പോളിംഗ് ബൂത്തിലെത്തുക. നവംബര്‍ 23 നാണ് മൂന്നിടത്തും വോട്ടെണ്ണല്‍.