മലപ്പുറത്ത് രണ്ട് മാസത്തിനിടെ 350ഓളം പേർക്ക് ഹെപ്പറ്റൈറ്റിസ്; 3 മരണം, പ്രതിഷേധം

Update: 2024-03-11 04:52 GMT

മലപ്പുറം പോത്തുകല്ലിൽ വൈറൽ ഹെപ്പറ്റൈറ്റിസ് പടരുമ്പോൾ പതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയെന്ന് ആരോപണം. കഴിഞ്ഞ രണ്ട് മാസത്തിനിടെ 350ഓളം പേർക്ക് രോഗം റിപ്പോർട്ട് ചെയ്ത പോത്തുകല്ല് പഞ്ചായത്തിലെ സർക്കാർ ആശുപത്രികളിൽ മതിയായ സൗകര്യമൊരുക്കിയില്ലെന്നാണ് പരാതി. അടിയന്തിര നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സമരം തുടങ്ങി.

മലപ്പുറം ജില്ലയിലെ പോത്തുകല്ലിലും എടക്കരയിലുമാണ് വൈറൽ ഹെപ്പറ്റൈറ്റിസ് പടർന്ന് പിടിക്കുന്നത്. മൂന്നാഴ്ചക്കിടെ മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. വൈറൽ ഹെപ്പറ്റൈറ്റിസ് ലക്ഷണങ്ങളോടെ പോത്തുകല്ലിൽ കഴിഞ്ഞ ദിവസം മറ്റൊരു യുവാവ് കൂടി മരിച്ചിരുന്നു. രോഗം പടരുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും വീഴ്ച വരുത്തുന്നതായാണ് ആരോപണം. പോത്തുകല്ല് ഫാമിലി ഹെൽത്ത് സെൻററിൽ മെഡിക്കൽ ഓഫീസർ അവധിയിലാണ്. ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയോഗിച്ചിട്ടില്ലെന്നും പരാതിയുണ്ട്. പോത്തു കല്ല് അങ്ങാടിയിലെ ഓവു ചാലുകളിലേക്ക് മാലിന്യമൊഴുക്കിയ കടകൾക്കെതിരെ പഞ്ചായത്ത് അധികൃതർ നടപടിയെടുത്തെങ്കിലും മാലിന്യം നീക്കാൻ തയ്യാറായിട്ടില്ലെന്നാണ് പരാതി.

Tags:    

Similar News