കത്ത് വിവാദം ശ്രദ്ധിക്കേണ്ട , പ്രചാരണവുമായി മുന്നോട്ട് പോവുക ; യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോൺഗ്രസ് നേതാക്കളുടെ നിർദേശം

Update: 2024-10-28 09:50 GMT

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കെ മുരളീധരന് വേണ്ടി ഡിസിസി അയച്ച കത്ത് എതിരാളികൾ ആയുധമാക്കുന്നത് അവഗണിക്കാൻ കോൺഗ്രസ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് പാർട്ടിക്കുള്ളിൽ നടക്കുന്ന ചർച്ചകൾക്ക് പിന്നീട് എന്ത് പ്രസക്തിയെന്നാണ് നേതാക്കളുടെ ചോദ്യം. കത്ത് പുറത്ത് വന്നതിൽ പാ‍ട്ടിക്കുള്ളിൽ ഒരു അന്വേഷണവും ആവശ്യമില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു.

ബിജെപിയെ ചെറുക്കാനും ഇടതുപക്ഷ വോട്ടുകൾ ആകർഷിക്കാനും കെ മുരളീധരൻ സ്ഥാനാർത്ഥിയാകുന്നതാണ് നല്ലതെന്നാണ് പാലക്കാട് ഡിസിസിയുടെ പേരിൽ കെപിസിസിക്ക് അയച്ച കത്തിൽ പറയുന്നത്. പാർട്ടിക്ക് കിട്ടിയ കത്ത് എതിരാളികൾക്ക് ആയുധമാകും തരത്തിൽ പുറത്ത് വിട്ടത് ആര് എന്നത് അന്വേഷിച്ച് കണ്ടെത്തുമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ ഇന്നലെ പറഞ്ഞത്. എന്നാൽ അന്വേഷണവും തുടർ ചർച്ചകളുമായി മുന്നോട്ട് പോയാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണത്തിൽ അത് ഗുണം ചെയ്യില്ലെന്ന് നേതൃത്വം വിലയിരുത്തുന്നു.

എൽഡിഎഫ് ബിനുമോളെ വിട്ട് സരിനെ സ്ഥാനാർത്ഥിയാക്കിയതും ബിജെപിയിൽ ശോഭ സുരേന്ദ്രന് വേണ്ടിയുണ്ടായ മുറവിളിയുമെല്ലാം ചൂണ്ടിക്കാട്ടി ഇതൊക്കെ എല്ലാ പാർട്ടികളിലും നടക്കുന്ന സ്വാഭാവിക കാര്യമാണെന്ന് യുഡിഎഫ് നേതൃത്വം വിശദീകരിക്കുന്നു. കത്ത് വിവാ‍ദം മൈൻഡ് ചെയ്യാതെ പ്രചാരണവുമായി മുന്നോട്ട് പോകാനാണ് സ്ഥാനാർത്ഥിക്ക് കിട്ടിയ നിർദ്ദേശം. ഡിസിസി അധ്യക്ഷനും പാലക്കാട് എംപി വികെ ശ്രീകണ്ഠനും ഉൾപ്പെടെ ഒപ്പിട്ട കത്ത് പുറത്ത് പോയത് പാലക്കാട്ടെ കോൺഗ്രസിനുള്ളിൽ നിന്ന് തന്നെയാണെന്ന് നേതൃത്വത്തിന് സൂചനയുണ്ട്. എന്നാൽ കത്തിലെ പോസ്റ്റ്മോർട്ടം വോട്ടെടുപ്പിന് ശേഷം മാത്രം മതി എന്ന തീരുമാനത്തിലാണ് നേതൃത്വം.

Tags:    

Similar News