വാഹനം ആക്രമിക്കപ്പെട്ടെങ്കിൽ എന്തുകൊണ്ട് സുരേഷ് ഗോപി പൊലീസിനെ അറിയിച്ചില്ലെന്ന് വി.എസ്. സുനിൽകുമാർ, സത്യം വെളിച്ചെത്തുവരുമെന്ന ഘട്ടത്തിൽ നുണകൾ പ്രചരിപ്പിക്കുന്നു

Update: 2024-11-02 07:06 GMT

സുരേഷ് ഗോപി തൃശൂർ പൂരത്തിനിടയിലേക്ക് ആംബുലൻസിൽ എത്തിയത് പൂരം അട്ടിമറിക്കുന്നതിൻറെ ഭാഗമാണെന്ന് സി.പി.ഐ നേതാവ് വി.എസ്. സുനിൽ കുമാർ. ആംബുലൻസ് സഞ്ചരിക്കാൻ മുൻകൂട്ടി നിശ്ചയിച്ച പാതയിലൂടെ പോലുമല്ല സുരേഷ് ഗോപി സഞ്ചരിച്ചത്. പൂരത്തിനിടെ തൻറെ വാഹനം ആക്രമിച്ചെന്ന സുരേഷ് ഗോപിയുടെ വാദം കള്ളമാണെന്നും സുനിൽ കുമാർ പറഞ്ഞു.

ഗുണ്ടകൾ ആക്രമിച്ചുവെങ്കിൽ ഇത്രയും കാലം എന്തുകൊണ്ട് അത് പറഞ്ഞില്ലെന്ന് സുനിൽകുമാർ ചോദിച്ചു. സുരേഷ് ഗോപി അന്ന് സ്ഥാനാർഥിയാണ്. അങ്ങനെയൊരാളെ പൂരത്തിനിടെ അക്രമിച്ചുവെങ്കിൽ എന്തുകൊണ്ട് പൊലീസിൽ അറിയിച്ചില്ല. ആദ്യം പറഞ്ഞ നുണയെ ന്യായീകരിക്കാൻ വീണ്ടും നുണ പറയുകയാണ്. തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് സത്യം വെളിച്ചത്തുവരുമെന്ന ഘട്ടത്തിൽ പലതരത്തിലുള്ള നുണകൾ പ്രചരിപ്പിക്കുകയാണ് -സുനിൽകുമാർ പറഞ്ഞു.

പൂരത്തിനിടെ ആവശ്യമായി വരുന്ന ആംബുലൻസുകൾ ഏത് വഴിയിൽ സഞ്ചരിക്കണമെന്നൊക്കെ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഇങ്ങനെ തീരുമാനിച്ച വഴിയിൽ കൂടി പോലുമല്ല സുരേഷ് ഗോപിയുടെ ആംബുലൻസ് സഞ്ചരിച്ചത്. നിയന്ത്രണങ്ങളുടെയെല്ലാം ലംഘനമാണ് നടന്നതെന്നും സുനിൽകുമാർ പറഞ്ഞു. പൂരസ്ഥലത്തേക്ക് ആംബുലൻസിൽ പോയിട്ടില്ലെന്ന പ്രസ്താവന സുരേഷ് ഗോപി കഴിഞ്ഞ ദിവസം തിരുത്തിയിരുന്നു. കാല് വയ്യാത്തതിനാലാണ് ആംബുലൻസിൽ കയറിയതെന്നും കാറിലെത്തിയപ്പോൾ രാഷ്ട്രീയ പാർട്ടികളുടെ ഗുണ്ടകൾ ആക്രമിച്ചെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Tags:    

Similar News