നരബലി നടത്തിയത് ഐശ്വര്യത്തിന് വേണ്ടി; തുമ്പായത് പത്മത്തിനെ കാണാനില്ലെന്ന പരാതി, സ്ത്രീകളെ തലയറുത്ത് കൊന്നു
ഇലന്തൂരിൽ രണ്ട് സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കിയ സംഭവത്തിൽ അന്വേഷണത്തിന് തുമ്പായത് പൊന്നുരുന്നി സ്വദേശി പത്മത്തിനെ കാണാനില്ലെന്ന പരാതി. കടവന്ത്രയിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്ന പത്മത്തെ സെപ്തംബർ 26ന് കാണാതാവുകയായിരുന്നു. ഇവരെക്കൂടാതെ കാലടി സ്വദേശിയെയും കൊലപ്പെടുത്തി പല കഷ്ണങ്ങളായി കുഴിച്ചിട്ടതായാണ് പോലീസ് കണ്ടെത്തൽ.
കടവന്ത്രയിൽ ലോട്ടറി വിൽപ്പനക്കാരിയായിരുന്നു പത്മം. പൊന്നുരുന്നിയിൽ തനിച്ചായിരുന്നു ഇവർ താമസിച്ചിരുന്നത്. പത്മത്തിന്റെ ബന്ധുക്കൾ തമിഴ്നാട്ടിലാണ് താമസം. പത്മത്തെ എല്ലാ ദിവസവും മകൻ ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാൽ സെപ്തംബർ 26ന് മകൻ വിളിച്ചപ്പോൾ ഇവരെ ഫോണിൽ കിട്ടാതാവുകയായിരുന്നു. തുടർന്ന് അടുത്ത ദിവസങ്ങളിലും ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോണിൽ കിട്ടാതായതോടെ പത്മത്തിന്റെ വീടിനടുത്ത് താമസിക്കുന്നവരെ ബന്ധപ്പെടുകയും പത്മം വീട്ടിൽ ഇല്ലെന്ന് തിരിച്ചറിയുകയുമായിരുന്നു. തുടർന്ന് മകൻ എത്തി കടവന്ത്ര പോലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവത്തിൽ ഏജന്റായി പ്രവർത്തിച്ച ഷിഹാബിനൊപ്പം പത്മം തിരുവല്ലയിലേക്ക് പോവുകയായിരുന്നു. തിരുവല്ലയിലാണ് പത്മത്തിന്റെ ഫോൺ സിഗ്നൽ അവസാനമായി ലഭിച്ചത്.
തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽ സിങ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് പിടിയിലായത്. ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും വേണ്ടി പൂജ നടത്താൻ ബന്ധപ്പെടുക എന്ന ഫെയ്‌സ്ബുക് പോസ്റ്റ് പ്രതി ഷാഫി ഇട്ടിരുന്നു. ഇതു കണ്ട് തിരുവല്ല സ്വദേശികളായ ഭഗവൽ സിങ്ങും ഭാര്യ ലൈലയും ബന്ധപ്പെടുകയായിരുന്നു. നരബലിയാണ് പരിഹാരം എന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇവരിൽനിന്നും പണം കൈക്കലാക്കി. തുടർന്ന് ആറു മാസം മുൻപ് കാലടി സ്വദേശിനിയായ റോസിലിയെ കടത്തിക്കൊണ്ടുപോയി നരബലി നൽകി. ഒരാളെ കൂടി ബലി കൊടുക്കണം എന്ന് പറഞ്ഞാണ് കടവന്ത്ര പൊന്നുരുന്നി സ്വദേശിനിയായ പത്മത്തെ സെപ്റ്റംബർ 26നു കടത്തിക്കൊണ്ടുപോയത്.