മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് ബലാത്സംഗം ചെയ്തുവെന്ന് വീട്ടമ്മ; ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയെന്ന് സുജിത് ദാസ്, 'കുടുംബം പോലും തകർക്കാൻ ശ്രമം'

Update: 2024-09-06 03:43 GMT

മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ. എസ്പിയും എസ്എച്ച്ഒ ആയിരുന്ന വിനോദും തന്നെ ബലാത്സംഗം ചെയ്‌തെന്ന് യുവതി പറയുന്നു. പി.വി അൻവർ വെളിപ്പെടുത്തിയതോടെയാണ് താനും തുറന്നു പറയുന്നതെന്ന് വീട്ടമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ പൊന്നാനിയിലെ സിപിഎം നേതാവിന്റെ വീട്ടിലെത്തിയ പിവി അൻവറിനെ അവിടെ പോയി കണ്ടിരുന്നുവെന്നും വീട്ടമ്മ പറഞ്ഞു. എസ്പി സുജിത്ത് ദാസ് രണ്ടു തവണ ബലാത്സംഗം ചെയ്തു. എന്നാൽ പരാതി പറയരുതെന്ന് സുജിത്ത് ദാസ് ഭീഷണിപ്പെടുത്തി.രണ്ടാമത്തെ തവണ ബലാത്സംഗം ചെയ്യുമ്പോൾ ഒരു ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നു. അത് കസ്റ്റംസിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്നും അയാൾക്ക് കൂടി വഴങ്ങണമെന്നും എസ്പി സുജിത്ത് ദാസ് ആവശ്യപ്പെട്ടു. എന്നാൽ താൻ സമ്മതിച്ചില്ലെന്നും വീട്ടമ്മ പറയുന്നു. രണ്ടു വർഷം മുമ്പാണ് സംഭവമെന്നും വീട്ടമ്മ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി.

പരാതിയുമായി രണ്ടു തവണ സുജിത് ദാസിനെ കണ്ടു. പിന്നീട് കുട്ടിയില്ലാതെ തനിച്ചുവരാൻ എസ്പി ആവശ്യപ്പെട്ടു. കോട്ടയ്ക്കയിലേക്ക് വരാനും ആവശ്യപ്പെട്ടു. മറ്റൊരു നമ്പറിൽ നിന്നാണ് വിളിച്ചത്. എസ്പി ഓഫീസിന് കുറച്ചകലെയായി മറ്റൊരു വീട്ടിലേക്ക് ഒരാൾ കൂട്ടിക്കൊണ്ടുപോവുകയും അവിടെ എസ്പി ഉണ്ടായിരുന്നുവെന്നും വീട്ടമ്മ പറയുന്നു. അവിടെ വെച്ചാണ് പീഡിപ്പിച്ചത്. പിന്നീട് പലപ്പോഴായി വീഡിയോ കോൾ വിളിക്കുമായിരുന്നു. രണ്ടാഴ്ച്ച കഴിഞ്ഞ് വീണ്ടും വിളിച്ചു. കസ്റ്റംസിലുള്ള സുഹൃത്ത് വന്നെന്ന് പറഞ്ഞാണ് വിളിച്ചത്. അവിടെ പോയപ്പോൾ ഇരുവരും മദ്യപിക്കുകയായിരുന്നു. തനിക്ക് ജ്യൂസ് തന്നെന്നും ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും വീട്ടമ്മ പറയുന്നു.

അതേസമയം വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് പ്രതികരിച്ചു. ആരോപണത്തിനെതിരെ കേസ് നൽകും. 2022ൽ തൻറെ എസ്പി ഓഫീസിൽ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയത്. റിസപ്ഷൻ രജിസ്റ്ററിൽ വിശദാംശങ്ങൾ ഉണ്ട്. നിരന്തരമായി പൊലീസിനെതിരെ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇപ്പോൾ ഇത്തരം ആരോപണവുമായി രംഗത്തെത്തിയത്. ഒരു എസ്എച്ച് ഒക്കെതിരെ നൽകിയ പരാതി സ്‌പെഷ്യൽ ബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷിച്ചതാണ്. പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണ്. പിന്നീട് ഈ പരാതിക്കാരിയെ കണ്ടിട്ടില്ല. കുടുംബ പോലും തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും നിയമപരമായി നേരിടുമെന്നും സുജിത് ദാസ് പറഞ്ഞു.

Similar News