സംസ്ഥാനത്ത് ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി- വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. മാര്‍ച്ച് 30-ന് പരീക്ഷ അവസാനിക്കും. രാവിലെ 9.30-നാണ് പരീക്ഷ ആരംഭിക്കുക.
4,25,361 വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും 4,42,067 വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും എഴുതും. ആകെ 2,023 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ മൊത്തം 389 കേന്ദ്രങ്ങളിലായി ഒന്നാം വര്‍ഷത്തില്‍ 28,820 വിദ്യാര്‍ഥികളും രണ്ടാം വര്‍ഷത്തില്‍ 30,740 വിദ്യാര്‍ഥികളും പരീക്ഷ എഴുതും.
ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഏപ്രില്‍ മൂന്ന് മുതല്‍ മെയ് ആദ്യ വാരം വരെയാണ് മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ നടക്കുക. 80 മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. 25,000 അധ്യാപകരുടെ സേവനം മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ വേണ്ടിവരുമെന്നാണ് കരുതുന്നത്. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ എട്ട് മൂല്യനിര്‍ണ്ണയ കേന്ദ്രങ്ങളിലായി 3,500 അധ്യാപകര്‍ വേണ്ടി വരും. ഏപ്രില്‍ മൂന്നിന് മൂല്യനിര്‍ണ്ണയം ആരംഭിക്കും.
വിദ്യാര്‍ഥികള്‍ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പരീക്ഷാ കേന്ദ്രങ്ങളില്‍ എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.