അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ തീരുമാനിക്കണം; ഹൈക്കോടതി

Update: 2023-04-12 11:39 GMT

അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. വിഷയത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്നാണ് നിർദേശം. ജനങ്ങളുടെ ഭീതി കോടതിക്ക് കാണാതിരിക്കാൻ കഴിയില്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ മാറ്റിയില്ലെങ്കില്‍ പറമ്പിക്കുളത്തേക്ക് മാറ്റാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരേ നെന്മാറ എം.എല്‍.എ. കെ. ബാബു ചെയര്‍മാനായ ജനകീയ സമിതി നൽകിയ പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം കേൾക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ നിർദേശം. 

ആനത്താരയില്‍ പട്ടയം നല്‍കിയ വിഷയത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവും കോടതി ഉന്നയിച്ചു. ആനയെ എങ്ങോട്ടാണ് മാറ്റേണ്ടതെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. പറമ്പിക്കുളം അല്ലാതെ മറ്റു സ്ഥലങ്ങളും പരിഗണിക്കാം. ആനയെ പിടികൂടാന്‍ എളുപ്പമാണ്. എന്നാലത് പരിഹാരമാകില്ല. അരിക്കൊമ്പനെ കൂടാതെ മറ്റ് കൊമ്പന്‍മാരും കാട്ടിലുണ്ട്. 

ആരണയുടെ ആവാസവ്യവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. അവധിക്കാലത്തും കേസ് പരിഗണിക്കുമെന്ന് കോടതി പറഞ്ഞു. ആനയുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതുകൊണ്ടാണ് അവ അക്രമകാരികളാകുന്നത്. ഭക്ഷണത്തിനും വെള്ളത്തിനുമായാണ് നാട്ടിലേക്ക് ഇറങ്ങുന്നത്. നിലവില്‍ ആനയെ 24 മണിക്കൂറും നിരീക്ഷിക്കണം. നീന്താനുള്ള ലൈസന്‍സ് തന്നാല്‍ മുതല കുളത്തിലേക്ക് ചാടുമോ എന്ന് പരിഹസിച്ച കോടതി ആനകള്‍ നാട്ടില്‍ ഇറങ്ങാതിരിക്കാന്‍ സ്ഥിരം സംവിധാനം വേണമെന്നും വ്യക്തമാക്കി. കേസ് ഈ മാസം 19-ന് വീണ്ടും പരിഗണിക്കും.

Tags:    

Similar News