സർവകലാശാല സെനറ്റ് നിയമനത്തിലെ ഹൈക്കോടതി വിധി ; പ്രതികരിക്കാനില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Update: 2024-05-23 07:43 GMT

തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെ തദ്ദേശ വാര്‍ഡ് പുനര്‍നിര്‍ണയ ഓര്‍ഡിനന്‍സ് പരിഗണിക്കാന്‍ പോലും കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാല സെനറ്റ് നിയമനത്തിലെ ഹൈക്കോടതി വിധിയില്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു രംഗത്തെത്തി. സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് മന്ത്രി ആര്‍.ബിന്ദു ആരോപിച്ചു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തദ്ദേശ ഭരണ വാര്‍ഡ് പുനര്‍ വിഭജന ഓര്‍ഡിനന്‍സ് പരിഗണിക്കുന്നത് ശരിയല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കമ്മിഷന്റെ അനുമതിയില്ലാതെ പരിഗണിക്കാന്‍ പോലും ആകില്ല. സാങ്കേതിക കാരണങ്ങളാണ് ഗവർണർ ചൂണ്ടിക്കാട്ടിയത്. കേരള സര്‍വകലാശാല സെനറ്റ് നിയമനത്തിലെ ഹൈക്കോടതി വിധിയില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു നടത്തിയത്. ചാന്‍സിലറിന്റെ ഇടപെടലുകള്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ കലുഷിതമാക്കുന്നു. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തവര്‍ക്ക് എ.ബി.വി.പിക്കാര്‍ എന്നതിലുപരി മറ്റ് യോഗ്യതകളില്ല. നിയമസഭ പാസാക്കിയ നിയമത്തില്‍ ഒപ്പിടാതിരിക്കുമ്പോള്‍ നിയമത്തിന് വിരുദ്ധമായ നിലപാടുകള്‍ സര്‍ക്കാരിന് സ്വീകരിക്കാനാകില്ലെന്നും മന്ത്രി ആര്‍.ബിന്ദു കൂട്ടിച്ചേർത്തു.

Tags:    

Similar News