കൈക്കൂലി ആരോപണം; അറസ്റ്റ് തടയണമെന്ന സൈബിയുടെ ഹർജി തള്ളി ഹൈക്കോടതി

Update: 2023-02-06 06:15 GMT

ജഡ്ജിമാർക്കെന്ന പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കൈക്കൂലി ആരോപണം അതീവ ഗുരുതരമാണെന്നും അന്വേഷണം നടക്കട്ടേയെന്നും കോടതി പറഞ്ഞു. എഫ്.ഐ.ആർ. റദ്ദാക്കണമെന്ന സൈബിയുടെ ആവശ്യത്തിൽ ഇപ്പോൾ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

പ്രത്യേക അന്വേഷണസംഘം കൈക്കൂലി ആരോപണത്തിൽ അന്വേഷണം ആരംഭിച്ചിട്ട് കുറച്ചുദിവസങ്ങളെ ആയിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് എഫ്.ഐ.ആർ. റദ്ദാക്കണമെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ട് സൈബി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് സൈബിയുടെ ഹർജി പരിഗണിച്ചത്. പ്രാഥമികമായി വാദം കേട്ട കോടതി, സൈബിയുടെ ആവശ്യങ്ങൾ തള്ളി. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്നും ഇത്ര ധൃതിപിടിച്ച് എഫ്.ഐ.ആർ. റദ്ദാക്കണമെന്ന ഹർജി എന്തിനാണ് ഫയൽ ചെയ്തതെന്നും കോടതി ആരാഞ്ഞു. ആരോപണം അതീവ ഗുരുതരമാണെന്നും അന്വേഷണം നടക്കട്ടേയെന്നും സത്യം പുറത്തുവരട്ടേ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിഷയത്തിൽ കോടതി പോലീസിനോടും വിശദീകരണം തേടിയിട്ടുണ്ട്. 

Tags:    

Similar News