അനധികൃത താമസത്തിന് ജയിലിലായ കെനിയൻ യുവതിക്ക് ഗർഭഛിദ്രം നടത്താൻ അനുമതി നൽകി ഹൈക്കോടതി

Update: 2024-03-11 10:51 GMT

സ്ത്രീ ശരീരം അവരുടെ സ്വന്തമാണെന്നും മറ്റൊരു കാര്യവും അക്കാര്യത്തിൽ ബാധകമല്ലെന്നും ഹൈക്കോടതി. അനധികൃത താമസത്തിന് ജയിലിലായ കെനിയൻ യുവതി ഗർഭഛിദ്രം നടത്താൻ അനുമതി തേടി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

സ്ത്രീയുടെ ശരീരത്തിൽ എന്താണ് വേണ്ടത് എന്ന് ‍തീരുമാനിക്കുന്നത് അവരവർ തന്നെയാണ്, ധാർമികമോ സദാചാരപരമോ ആയ കാര്യങ്ങളടക്കം മറ്റുള്ളവർക്ക് ഇതിൽ പങ്കില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. യുവതിയുടെ ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് തൃശൂർ മെഡിക്കൽ കോളജിനു കീഴിൽ ബോർഡ് രൂപീകരിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

2018ൽ തന്നെ യുവതിയുടെ വിസാ കാലാവധി അവസാനിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മറ്റുള്ളവരുടെ പാസ്പോർട്ട് ഉപയോഗിച്ച് രാജ്യത്ത് താമസിച്ചു വരികയായിരുന്നു. ജനുവരിയിലാണ് കൊച്ചിയിലെ നെട്ടൂര് നിന്ന് അനധികൃത താമസത്തിന്റെ പേരിൽ 2 കെനിയൻ യുവതികൾ അറസ്റ്റിലായത്.

തുടർന്ന് വിയ്യൂരെ കറക്‌ഷണൽ ഹോമിൽ കഴി‍ഞ്ഞുവരുന്നതിനിടെ. ഫെബ്രുവരിയിലാണ് താൻ ഗർഭിണിയാണെന്ന് യുവതി മനസ്സിലാക്കുന്നത്. തുടർന്ന് ഗർഭം അലസിപ്പിക്കാനുള്ള അപേക്ഷ ജയിൽ സൂപ്രണ്ടിനു സമർപ്പിച്ചെങ്കിലും ജയിലിൽ ആയതിനാൽ കോടതിക്ക് മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സാധിക്കൂ എന്ന് ചൂണ്ടിക്കാട്ടി അനുമതി നൽകിയില്ല.

തുടര്‍ന്ന് കീഴ് കോടതികളെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് കിട്ടാതിരുന്നതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2022ൽ വയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ചെയ്തിരുന്നു എന്നും 3 വർഷത്തേക്ക് ഗർഭിണിയാകരുതെന്ന് നിർദേശിച്ചിട്ടുണ്ടെന്നും യുവതിയുടെ ഹർജിയിൽ പറയുന്നു.

കേസ് പരിഗണിച്ചപ്പോഴാണ് സ്ത്രീയുടെ ശരീരം അവരുടെ സ്വന്തമാണെന്നും മറ്റാർക്കും അതിൽ കാര്യമില്ലെന്നും കോടതി വ്യക്തമാക്കിയത്. യുവതിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഒരു ഡോക്ടറുടെ റിപ്പോർട്ട് മതിയെങ്കിലും ജയിലിലായ സാഹചര്യത്തിലാണ് താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദേശിക്കുന്നതെന്നും കോടതി വ്യക്തമാക്കി. 

Tags:    

Similar News