രാഹുലിനെ അയോഗ്യനാക്കിയ വിജ്ഞാപനം സഭയിൽ കീറിയെറിഞ്ഞ് ഹൈബി, പ്രതാപൻ; നടപടി വരും
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ് പ്രതിഷേധിച്ച ഹൈബി ഈഡൻ, ടി.എൻ.പ്രതാപൻ എന്നിവർക്കെതിരെ നടപടി വരും. ഇരുവരും ലോക്സഭയിലാണ് രേഖകൾ കീറിയെറിഞ്ഞ് പ്രതിഷേധിച്ചത്. ഇരുവരെയും സ്പീക്കർ സസ്പെൻഡ് ചെയ്തേക്കുമെന്നാണ് സൂചന.
ഒരു അംഗത്തെ സസ്പെൻഡ് ചെയ്യണമെങ്കിൽ പാർലമെന്ററികാര്യമന്ത്രിയോ സർക്കാരോ പ്രമേയം െകാണ്ടുവന്ന് പാസാക്കണം. സഭയുടെ അന്തസ്സിനുചേരാത്ത രീതിയിൽ പ്രവർത്തിക്കുകയോ സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായോ പ്രതികരിക്കുന്നത് ചൂണ്ടിക്കാണ്ടിയാണ് പ്രമേയം കൊണ്ടുവന്ന് പാസാക്കേണ്ടത്. പ്രമേയം കൊണ്ടുവരുന്നതു സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്ന് തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് സൂചന. എന്നാൽ, ഇരുവരുടെയും പ്രതിഷേധം അതിരുകടന്നതാണെന്ന തരത്തിലുള്ള സൂചന സ്പീക്കറുടെ ഓഫിസിൽ നിന്നുണ്ട്.
മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ സൂറത്തിലെ ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടുവർഷത്തെ തടവുശിക്ഷ വിധിച്ചതിനെ തുടർന്നാണ് രാഹുല്‍ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയത്.