സംസ്ഥാനത്ത് ഇന്നും മഴ കനക്കും; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

Update: 2024-05-22 02:16 GMT

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ രാത്രി മുതൽ മഴ തോരാതെ പെയ്യുകയാണ്. കനത്ത മഴയിൽ തിരുവനന്തപുരത്ത് തൈക്കാടും പൂജപ്പുരയിലും മരങ്ങൾ കടപുഴകി വീണു. റോഡിലേക്കു വീണ മരങ്ങൾ അഗ്നിരക്ഷാസേനയെത്തി മുറിച്ചുമാറ്റി ഗതാഗതയോഗ്യമാക്കി.

പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ 8 ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെലോ അലർട്ടാണ്. കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്.

മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്. അടുത്ത മണിക്കൂറുകളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. 

കോട്ടയം ജില്ലയിലെ മലയോര മേഖലകളിലേക്കും ഈരാറ്റുപേട്ട - വാഗമണ്‍ റോഡിലൂടെയും ഉളള രാത്രി യാത്രാ നിരോധനം ഇന്നും തുടരും. അത്യാവശ്യങ്ങൾക്കായി രാത്രി യാത്ര ചെയ്യേണ്ടവർ പൊലീസ് സ്റ്റേഷനിൽ നിന്ന് മുൻകൂർ അനുമതി വാങ്ങി യാത്ര ചെയ്യേണ്ടതാണെന്ന് ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്.

Tags:    

Similar News