ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി; 5 ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Update: 2023-05-03 11:42 GMT

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ബുധനാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

മേയ് ആറോടെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഏഴിന് അത് ന്യൂനമര്‍ദ്ദമായും എട്ടിന് തീവ്ര ന്യൂനമര്‍ദ്ദമായും മാറി വടക്ക് ദിശയിലേക്ക് നീങ്ങുകയും മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങുന്ന പാതയില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുകയും ചെയ്യാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Tags:    

Similar News