വെന്തുരുകി കേരളം : അഞ്ചു ജില്ലകളില്‍ താപനില മുന്നറിയിപ്പ്; താപാഘാത സാധ്യത; ജാഗ്രതാ നിര്‍ദേശം

Update: 2023-04-14 02:40 GMT

കനത്ത ചൂടിൽ കേരളം വെന്തുരുകുകയാണ്. വടക്കന് ജില്ലകളിലും മധ്യകേരളത്തിലുമാണ് അതിതീവ്രമായ ചൂട് അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ ഇന്നും കനത്ത ചൂട് ഉണ്ടാകുമെന്നാണ് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്കിയിട്ടുള്ളത്. തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെല്ഷ്യസ് വരെ  ഉയരാൻ സാധ്യതയുണ്ട്. കോട്ടയം, കോഴിക്കോട് ജില്ലകളില് 37 ഡിഗ്രി സെല്ഷ്യസ് വരെയും  താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മനുഷ്യശരീരത്തിൽ അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രത വിലയിരുത്തുന്ന താപസൂചിക (ഹീറ്റ് ഇൻഡക്സ്) 7 ജില്ലകളിൽ അതീവ ജാഗ്രത പുലർത്തേണ്ട 58 എന്ന നിലവാരത്തിൽ എത്തിയതോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകിയത്. സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളും താപാഘാത സാധ്യതയുള്ള 45 മുതൽ 50 വരെ എന്ന സൂചികയിലുമാണ്.

കാലാവസ്ഥ വകുപ്പിന്റെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളിലെ (എഡബ്ല്യുഎസ്) കണക്കുപ്രകാരം തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ 14 പ്രദേശങ്ങളിൽ ചൂട് 40 ഡിഗ്രി പിന്നിട്ടു. താരതമ്യപ്പെടുത്താൻ മുൻകാല കണക്കുകൾ ഇല്ലാത്തതിനാൽ കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി പുറത്തുവിടാത്തതാണ് എഡബ്യുഎസിലെ വിവരങ്ങളെങ്കിലും ഇതു ചൂടിന്റെ കാഠിന്യം വെളിപ്പെടുത്തുന്നു. 

ഇതു കൂടാതെ പാലക്കാട് മുണ്ടൂരിൽ ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ (41.7 ഡിഗ്രി), പീച്ചിയിലെ കേരള എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (41.5), മണ്ണുത്തിയിലെ കാർഷിക സർവകലാശാലയുടെ കാർഷിക കോളജ് (40) എന്നിവിടങ്ങൾ കൂടി ചേരുമ്പോൾ 17 പ്രദേശങ്ങളിൽ താപനില 40 കടന്നിട്ടുണ്ട്. എന്നാൽ, കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്കു പ്രകാരം 39 ഡിഗ്രി രേഖപ്പെടുത്തിയ പാലക്കാട്ടും 38.7 ഡിഗ്രിയുള്ള തൃശൂർ വെള്ളാനിക്കരയിലും ആണ് ഇന്നലെ കൂടിയ ചൂട്. വരും ദിവസങ്ങളിൽ പാലക്കാട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ സാധാരണനിലയെക്കാൾ 3 മുതൽ 4 ഡിഗ്രി വരെയും കോട്ടയം, കോഴിക്കോട് ജില്ലകളിൽ 2 മുതൽ 3 ഡിഗ്രി വരെയും ചൂട് ഉയർന്നേക്കുമെന്ന് തിരുവനന്തപുരം കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.

Similar News