കിഫ്ബിയിൽ ബില്ലുകൾ കെട്ടിക്കിടക്കുന്നില്ല: കിഫ്ബിയിൽ ആവശ്യത്തിന് കരുതൽ ഫണ്ടുണ്ട്; വാർത്തകളിലുള്ളത് വസ്തുതകളല്ല
കിഫ്ബി കരാറുകാരുടെ ബില്ലുകൾ തീർപ്പാക്കി തുക നൽകുന്നില്ല എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കി കിഫ്ബി. കിഫ്ബിയിൽ ബില്ലുകൾ കെട്ടിക്കിടക്കുന്നില്ലെന്നും ആവശ്യത്തിന് കരുതൽ ഫണ്ടുണ്ടെന്നും ഫേസ്ബുക്ക് ബുക്ക് പേജിലൂടെയാണ് കിഫ്ബി വ്യക്തമാക്കിയിരിക്കുന്നത്. കണക്കുകളും സംഖ്യകളും ഒക്കെ ചൂണ്ടിക്കാട്ടിക്കൊണ്ട് ചില മാധ്യമങ്ങൾ നൽകിയ വാർത്തയ്ക്ക് വ്യക്തമായ മറുപടിയും പങ്കുവെച്ചിട്ടുണ്ട്.
കോവിഡ് മഹാമാരിയുടെ കാലത്ത് പോലും കരാറുകാർക്ക്് ബിൽ തുകകൾ തീർപ്പാക്കിനൽകുന്നതിൽ ഏറ്റവും കാര്യക്ഷമമായാണ് കിഫ്ബി പ്രവർത്തിച്ചത്. ഈ വർഷം ജനുവരി 20 വരെയുള്ള കണക്കുകൾ പ്രകാരം കിഫ്ബിയിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള ബില്ലുകളുടെ സ്ഥിതി വിവരവും മറുപടിയിലുണ്ട്. മതിയായ കരാറുകൾ വയ്ക്കാത്തതുകാരണം എസ്പിവിയായ കിൻഫ്രയ്ക്ക് തിരികെ നൽകിയ 3 ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച ബില്ലുകൾ ഒഴിച്ചു നിർത്തിയാൽ കിഫ്ബിയിൽ ആകെ 201 ബില്ലുകളാണ് നിലവിലുള്ളത്.
ഇവയിലേക്കായി ഏകദേശം 150 കോടി രൂപ മാത്രമാണ് നൽകുവാനുള്ളതെന്നും, ഇതിനാണ് 4500കോടി രൂപയുടെ ബില്ലുകൾ കിഫ്ബി തീർപ്പാക്കാതെ വച്ചിരിക്കുന്നു എന്നു വാർത്തയിൽ ആരോപിക്കുന്നതെന്നും വ്യക്തമാക്കുന്നു. പ്രതിസന്ധികളൊന്നും കിഫ്ബിയുടെ പ്രവർത്തനങ്ങളെ നിലവിൽ ഒരുതരത്തിലും ബാധിക്കില്ലെന്ന് മാത്രമല്ല കിഫ്ബിയുടെ കൈവശം ഇപ്പോൾ 6959 കോടി രൂപ ബാക്കിയുണ്ടെന്നും കൂടാതെ 3,631.50 കോടി രൂപ അനുവദിച്ച് കിട്ടിയ വിവിധ വായ്പകളിൽ നിന്നായി എടുക്കുവാനുണ്ടെന്നും കിഫ്ബിയുടെ ഫേസ്ബുക്ക് കുറിപ്പ് വ്യക്തമാക്കുന്നു.