ആർഎംപി നേതാവ് ഹരിഹരന്‍റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവം: മൂന്ന് പേർക്കെതിരെ കേസ്
ആർഎംപി നേതാവ് കെ എസ് ഹരിഹരന്‍റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ കണ്ടാൽ അറിയാവുന്ന മൂന്ന് പേർക്കെതിരെ കേസ് എടുത്ത് പൊലീസ്. എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്റ്റ് 3, 5 വകുപ്പുകൾ പ്രകാരം ആണ് കേസ്. വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പുലർച്ചെ ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മാരകമായ സ്ഫോടക വസ്തുക്കൾ അല്ല ഉപയോഗിച്ചത് എന്നാണ് പ്രാഥമിക നിഗമനം. വിശദ പരിശോധനയ്ക്ക് സാമ്പിള്‍ അയച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരുകയാണ്.
അതേസമയം രാത്രി തന്‍റെ വീട് ആക്രമിച്ചതിന് പിന്നില്‍ സിപിഎം ആണെന്നാണ് ഹരിഹരന്റെ ആരോപണം. സിപിഎം അല്ലാതെ മറ്റാരും ഇത് ചെയ്യില്ലെന്നാണ് ഹരിഹരൻ പറയുന്നത്. ആക്രമണത്തിന് മുമ്പ് വീടിന് സമീപത്ത് കണ്ട കാര്‍ വടകര രജിസ്ട്രേഷനിലുള്ളതാണെന്നും എന്നാൽ ഈ കാര്‍ ഇതിനോടകം കൈമാറി കഴിഞ്ഞിട്ടുണ്ടാകുമെന്നുമാണ് ഹരിഹരൻ പറയുന്നത്. മാപ്പ് പറഞ്ഞാൽ തീരില്ലെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ പ്രസ്താവനയുടെ തുടർച്ചയാണ് ആക്രമണമെന്നും ഹരിഹരൻ ആരോപിച്ചു.
കഴിഞ്ഞ ദിവസം രാത്രി 8:15ഓടെയാണ് ഹരിഹരന്‍റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണമുണ്ടായത്. സ്ഫോടകവസ്തു മതിലില്‍ തട്ടി പൊട്ടി തെറിച്ചുപോയി. പൊലീസ് ഉടനെ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടക വസ്തു എറിഞ്ഞവർ പിന്നീട് വന്ന് അവശിഷ്ടങ്ങള്‍ വാരിക്കൊണ്ടുപോയെന്നും ഹരിഹരൻ പറഞ്ഞു. അതേസമയം സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഹരിഹരനെതിരെ വടകര പൊലീസ് കേസെടുത്തിട്ടുണ്ട്. നടി മഞ്ജു വാര്യര്‍, സിപിഎം നേതാവ് കെ കെ ശൈലജ എന്നിവരുടെ പേര് സൂചിപ്പിച്ചുകൊണ്ട് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശമാണ് ഏറെ വിവാദമായത്. സിപിഎം, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകള്‍ ഹരിഹരനെതിരെ കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. രൂക്ഷ വിമർശനവുമായി സാംസ്കാരിക പ്രവർത്തകരും രംഗത്തെത്തി.