തെരുവുനായ ശല്യം രൂക്ഷം ; കോഴിക്കോട് കൂത്താളിയിലെ സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി

Update: 2023-07-10 05:56 GMT

തെരുവുനായ ശല്യം അതിരൂക്ഷമായ സാഹചര്യത്തിലാണ് കോഴിക്കോട് കൂത്താളി പ്രദേശത്തെ ഏഴ് സ്കൂളുകൾക്കും 17 അംഗൻവാടികൾക്കും അവധി പ്രഖ്യാപിച്ചത്. തെരുവുനായ ശല്യം രൂക്ഷമായതോടെ പുറത്തേക്ക് പോലും ഇറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാരും പറയുന്നു. കഴിഞ്ഞ ദിവസം 4 പേർക്ക് നായയുടെ കടിയേറ്റിരുന്നു. എന്നാൽ അക്രമകാരികളായ തെരുവുനായകളെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ സുരക്ഷ മുൻനിർത്തി സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി പ്രഖ്യാപിച്ചത്. തൊഴിലുറപ്പ് പദ്ധതികളുടെ ഭാഗമായുള്ള ജോലികളും നിലവിൽ നായ ശല്യം കാരണം നിർത്തിവച്ചിരിക്കുകയാണ്. 

കഴിഞ്ഞ വർഷം ആഗസ്റ്റിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ പേ വിഷബാധയേറ്റ് മരിച്ചിരുന്നു. ഈ പ്രദേശത്ത് തന്നെയാണ് ഇപ്പോൾ വീണ്ടും തെരുവുനായകൾ ഭീഷണി ഉയർത്തുന്നത്. കഴിഞ്ഞ ദിവസം ഒരു കുട്ടിക്ക് നായയുടെ കടിയേൽക്കുകയും കുട്ടി പറഞ്ഞ അടയാളങ്ങൾ വച്ച് ഒരു നായയെ നാട്ടുകാർ ചേർന്ന് പിടികൂടുകയും ചെയ്തിരുന്നു. എന്നാൽ ബാക്കിയുള്ള അക്രമകാരികളായ നായയെ പിടികൂടാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Tags:    

Similar News