'യാത്രക്ക് ഏകീകരിച്ച ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തണം; ഹജ്ജ് പ്രത്യേകമായി പരിഗണിക്കണം': സി മുഹമ്മദ്‌ ഫൈസി

Update: 2024-01-27 06:30 GMT

കേരളത്തിലെ എല്ലാ ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളിലും ഹജ്ജ് യാത്രക്ക് ഏകീകരിച്ച ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ്‌ ഫൈസി. സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി ഇക്കാര്യം വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ചക്കക്കം അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സി മുഹമ്മദ്‌ ഫൈസി പറഞ്ഞു. 

വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറങ്ങാത്തത് പ്രതിസന്ധിയാണ്. ഹജ്ജ് പ്രത്യേക പരിഗണനയോടെ കാണണം. പരിഹാരം കണ്ടെത്താനായില്ലെങ്കിൽ ഹജ്ജ് കമ്മിറ്റി യോഗം ചേർന്ന് തുടർ നടപടികൾ ആലോചിക്കുമെന്നും സി മുഹമ്മദ്‌ ഫൈസി പറഞ്ഞു. 

കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ പേര്‍ ഹജ്ജിന്ന് പോകുന്ന കരിപ്പൂരിൽ, ഇതര എയർപ്പോർട്ടുകളേക്കാൾ ഇരട്ടിയോളം യാത്രാ നിരക്ക് കൂട്ടി എയർ ഇന്ത്യക്ക് ടെണ്ടർ കൊടുത്ത കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് സുന്നി യുവജന സംഘം പ്രതികരിച്ചു.

നിരന്തരമായ ഇടപെടലിനെ തുടർന്നാണ് കരിപ്പൂർ എംബാർക്കേഷൻ പുനഃസ്ഥാപിച്ചത്. വീണ്ടും അതിനെ ഞെക്കിക്കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നത്. പൊതുമേഖലാ സംരംഭങ്ങൾ തകർക്കുന്നതിൻ്റെ ഭാഗം കൂടിയാണിതെന്ന് സുന്നി യുവജന സംഘം മലപ്പുറം ഈസ്റ്റ്, വെസ്റ്റ്, കോഴിക്കോട് ജില്ലാ കമ്മിറ്റികൾ ആരോപിച്ചു.

കോഴിക്കോട് നിന്നുള്ള ഹജ്ജ് തീർത്ഥാടകരോടുള്ള അവഗണനയാണ് ഉയർന്ന നിരക്ക്. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഹജ്ജ് തീർഥാടകർ പുറപ്പെടുന്ന കേന്ദ്രമാണ് കോഴിക്കോട് വിമാനത്താവളം. കഴിഞ്ഞവർഷം കേരളത്തിൽ നിന്നും 11556 തീർത്ഥാടകരാണ് ഹജ്ജ് തീർത്ഥാടനം നടത്തിയത്. ഇതിൽ 7045 പേരും കോഴിക്കോട് നിന്നാണ് യാത്ര തിരിച്ചത്.

ഇത്തവണ ഫസ്റ്റ് ഓപ്ഷനായി 14464 പേരും സെക്കൻഡ് ഓപ്ഷനായി 9670 പേരും കോഴിക്കോട് നിന്ന് യാത്രയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. കോഴിക്കോടിനൊപ്പം കൊച്ചിയും കണ്ണൂരുമാണ് ഹജ്ജ് എമ്പാർക്കേഷൻ പോയിൻറ്. കോഴിക്കോട് നിന്ന് ഇത്തവണ 1.60 ലക്ഷം രൂപയാണ് ടിക്കറ്റ് നിരക്ക് കണക്കാക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്‍റെ ടെണ്ടർ നടപടികൾ വഴിയാണ് ഈ നിരക്ക് നിശ്ചയിക്കപ്പെട്ടത്. കണ്ണൂരിൽ നിന്നും കൊച്ചിയിൽ നിന്നും 75,000 രൂപയാണ് നിരക്ക്.

കോഴിക്കോട് നിന്നും എയർ ഇന്ത്യയും, കരിപ്പൂരിൽ നിന്നും കൊച്ചിയിൽ നിന്നും സൗദി എയർലൈൻസുമാണ് സർവീസിന് അർഹത നേടിയത്.  ഇത്തവണത്തെ ഉയർന്ന നിരക്ക് കോഴിക്കോട് നിന്നുള്ള തീർത്ഥാടകർക്ക് താങ്ങാൻ കഴിയുന്നതല്ല. നിരക്ക് കുറയ്ക്കണം. ഇതിനായി റീടെണ്ടർ നടത്തണം. ആവശ്യമെങ്കിൽ ഇതിനായി പ്രതിഷേധ സമരങ്ങൾ നടത്തുമെന്നും എസ്.വൈ.എസ് പറഞ്ഞു.

Tags:    

Similar News