കേരളപ്പിറവി ദിനത്തിൽ ആശംസകളുമായി ഗവർണറും മുഖ്യമന്ത്രിയും

Update: 2023-11-01 03:01 GMT

ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ കേരളപ്പിറവി ആശംസകൾ നേർന്നു. ''നമ്മുടെ പ്രിയ സംസ്ഥാനത്ത് വികസനവും സമഗ്ര പുരോഗതിയും ഉറപ്പാക്കാനും സാമൂഹിക ഐക്യം ദൃഢപ്പെടുത്താനും വേണ്ടി നമുക്കൊരുമിച്ച് പ്രയത്‌നിക്കാം. ഒപ്പം, മാതൃഭാഷയായ മലയാളത്തിന്റെ പരിപോഷണത്തെ ത്വരിതപ്പെടുത്താം- ഗവർണർ സന്ദേശത്തിൽ പറഞ്ഞു.

ജനമനസുകളുടെ ഒരുമ ആവർത്തിച്ചുറപ്പിച്ചുകൊണ്ട് കേരളത്തെ പുതിയ കാലത്തിലൂടെ നമുക്ക് വഴി നടത്താമെന്ന് കേരളപ്പിറവി ആശംസാ സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ പ്രസ്ഥാനത്തിന്റേയും നവോത്ഥാന പ്രസ്ഥാനത്തിന്റേയും ആശയങ്ങൾ തീർത്ത അടിത്തറയിലാണ് ആധുനിക കേരളത്തെ പടുത്തുയർത്തിയത്.

എന്നാൽ പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികൾ ഏറ്റെടുത്ത് കൂടുതൽ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിത്. ആ ബോദ്ധ്യമുൾക്കൊണ്ട് ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാൻ ജാതിമതഭേദ ചിന്തകൾക്ക് അതീതമായി മുന്നോട്ടുപോകാൻ സാധിക്കണം.

നമ്മുടെ നാടിന്റെ സമസ്ത നേട്ടങ്ങളും ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള വലിയ ശ്രമമാണ് കേരളപ്പിറവി ദിനം മുതൽ ഏഴ് ദിവസങ്ങളിലായി കേരളീയം എന്ന പേരിൽ സംഘടിപ്പിക്കുന്നത്. കേരളീയതയുടെ ആഘോഷമാണിതെന്നും സ്വന്തം ഭാഷയിലും സംസ്‌കാരത്തിലും നേട്ടങ്ങളിലും അഭിമാനം കൊള്ളുന്ന ജനതയുടെ സർഗാത്മകതയുടെ ആവിഷ്‌കാരം കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Tags:    

Similar News