വന്യജീവികള്‍ക്ക് കാട്ടിനുള്ളിൽ ഭക്ഷണമൊരുക്കി തമിഴ്‌നാട്

Update: 2023-10-17 09:31 GMT

മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ വഴികള്‍ തേടുകയാണ് തമിഴ്‌നാടിന്റെ വനംവകുപ്പ്. വന്യജീവികള്‍ കാടിറങ്ങുന്നത് തടയാന്‍ സംസ്ഥാനത്തെ 22 ജില്ലകളില്‍ പുല്ലുകള്‍ നട്ടുപിടിപ്പിക്കും. അധിനിവേശ സസ്യങ്ങള്‍ ഒഴിവാക്കിയ മേഖലകളിലാകും ഇത്തരത്തില്‍ പുല്ലുകള്‍ നടുക.

കന്നുകാലികള്‍ മേയുന്ന ഇടങ്ങളിലും അധിനിവേശ സസ്യങ്ങളുള്ള പ്രദേശങ്ങളിലും പുല്ലുകളുടെ വളര്‍ച്ചയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി വനംവകുപ്പ് സെക്രട്ടറി സുപ്രിയ സാഹു പറയുന്നു. ഇതാണ് കാട്ടാനകളും കാട്ടുപോത്തുകളും കാടിറങ്ങാനുള്ള പ്രധാന കാരണം. ഫലമാകട്ടെ മനുഷ്യ-വന്യജീവി സംഘര്‍ഷവും.

മരങ്ങളാല്‍ മൂടികിടക്കുന്ന ഇടങ്ങളില്‍ രുചികരമായ പുല്ലിനങ്ങള്‍ നടുന്നത് കാടിറങ്ങുന്നതിന് പരിഹാരമാകുമെന്ന ശുഭപ്രതീക്ഷയാണ് അധികൃതര്‍ പങ്കുവെയ്ക്കുന്നത്. കാട്ടാനകളും കാട്ടുപോത്തുകളും ആഹാരമാക്കുന്നതും രുചികരമായതുമായി പത്തിനം പുല്ല് വര്‍ഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഒരുകാലത്ത് തമിഴ്‌നാട്ടിലെ പ്രധാന വനമേഖലകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഈ പത്തിനങ്ങളും. കന്നുകാലികളുടെ മേയല്‍, അധിനിവേശ സസ്യവിഭാഗം തുടങ്ങിയവ ഇവര്‍ക്ക് ഭീഷണിയായിരുന്നു.

Tags:    

Similar News