രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശത്തില്‍ പി വി അന്‍വറിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാഷ്ട്രീയ ഡിഎന്‍എയെക്കുറിച്ചാണ് അന്‍വര്‍ പറഞ്ഞത്. രാഷ്ട്രീയ പാരമ്പര്യമാണ് ഉദ്ദേശിച്ചതെന്നും ജൈവപരമായി കാണേണ്ടെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ഒരു സീറ്റ് പോലും നേടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ഇടതുമുന്നണി ഇത്തവണ പുതു ചരിത്രം രചിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 20 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയോടെയാണ് എൽഡിഎഫ് നേരിട്ടത്. മികച്ചപ്രവർത്തനം കാഴ്ച വയ്ക്കാൻ എൽഡിഎഫിന് കഴിഞ്ഞു. ഇടത് മുന്നണിക്ക് വന്‍ ജനപിന്തുണയാണ് ഉള്ളത്. പുതിയ ജനവിഭാഗങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങാനായി.
ഒരിക്കലും അനുകൂലിക്കാത്തവർ വരെ ഇടതുമുന്നണിയെ വിശ്വാസത്തിലെടുക്കുന്നുണ്ട്. ബിജെപിക്കെതിരായ നിലപാടിലാണ് എല്ലാവരുടേയും പ്രതീക്ഷ. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ വലിയ പങ്ക് വഹിക്കുന്ന സംസ്ഥാനം കേരളമാകും. കേരളത്തില്‍ ബിജെപി ഒരു സീറ്റും നേടില്ലെന്ന് മാത്രമല്ല, രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
മുസ്ലീം വിഭാഗത്തിനെതിരായി വർഗീയ കലാപം ഇളക്കിവിടാവുന്ന വിധം മതഭ്രാന്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. മോദി പച്ചയായി വർഗ്ഗീയത പറയുന്നു. പ്രധാനമന്ത്രിയുടെ നടപടി സമനില തെറ്റൽ മാത്രമല്ല, വർഗ്ഗീയ ഭ്രാന്ത് കൂടിയാണ്. ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തോൽവി ഭയമാണ് ഇതിന് പിന്നിലെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. രാഷ്ട്രീയം വിട്ട് മതവിദ്വേഷത്തിലേക്ക് പോകുന്നു. പരാതി കണ്ടഭാവം തെരഞ്ഞെടുപ്പ് കമ്മീഷനുമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് കൂറ് ബിജെപിയോടാണെന്നും ബിജെപിക്കെതിരെ ചെറുവിരൽ അനക്കുന്നില്ലെന്നും സിപിഎം കുറ്റപ്പെടുത്തി. വടകരയിലെ അശ്ലീല സംഘത്തെ കോൺഗ്രസ് നേതൃത്വവും സ്ഥാനാർത്ഥിയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച എം വി ഗോവിന്ദന്‍, കേരളത്തിൽ ജയിക്കുന്ന ആദ്യ ഇടതുപക്ഷ സ്ഥാനാർത്ഥി കെ കെ ശൈലജ ആയിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.