'എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്, ബ്രഹ്‌മപുരത്തെ മാലിന്യക്കൂമ്പാരം ഇപ്പോഴുണ്ടായതല്ല' : എം.വി ഗോവിന്ദൻ

Update: 2023-03-12 06:02 GMT

ബ്രഹ്‌മപുരം പ്രതിസന്ധിയില്‍ സര്‍ക്കാരിനും കോര്‍പ്പറേഷനും ജനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കൊല്ലം മാതൃകയില്‍ ബ്രഹ്‌മപുരം കൈകാര്യം ചെയ്തുകൊണ്ടുപോകാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായ കൂമ്പാരമൊന്നും അല്ല അവിടുത്തേത്. പതിറ്റാണ്ടുകളായിട്ടുള്ളതാണ്. ആക്ഷേപങ്ങളെല്ലാം പരിശോധിച്ച് ആവശ്യമായ നിലപാട് എടുക്കുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍ വൈകിയിട്ടില്ല, കൃത്യമായി തന്നെ ഇടപെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

സഹകരണ മേഖലയെ പിടിയിലൊതുക്കുന്നതിന് വേണ്ടി കുറച്ച് കാലമായി കേന്ദ്രം ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷാ തന്നെ ആ വകുപ്പ് ഏറ്റെടുത്ത് കേരളത്തെ ലക്ഷ്യം വെച്ചുകൊണ്ടാണ് നീങ്ങുന്നത്. സഹകരണ മേഖലയുടെ പ്രധാന ഘടകം കേരളത്തിലാണെന്നതാണ് കാരണമെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.

കക്കുകളി നാടക വിവാദത്തിലും അദ്ദേഹം പ്രതികരണം നടത്തി. നാടകം നാടകത്തിന്റേതായ രൂപത്തില്‍ പോകാം. ആര്‍ക്കും വിമര്‍ശിക്കാം. നാടകം അവതരിപ്പിക്കാനുള്ള അവകാശവും അതിനെ വിമര്‍ശിക്കാനുള്ള അവകാശവും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News