'നല്ല വിളയ്‍ക്കൊപ്പം നല്ല കളയുണ്ടാകും, കളയെല്ലാം പാർട്ടി പറിച്ചു കളയും': എം.വി ഗോവിന്ദൻ

Update: 2023-02-23 06:28 GMT

ആകാശ് തില്ലങ്കേരി വിവാദത്തില്‍ നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നല്ല വിളയ്‍ക്കൊപ്പം നല്ല കളയുണ്ടാകുമെന്ന് പാർട്ടി കാണുന്നു. ഈ കളയെല്ലാം പാർട്ടി പറിച്ചു കളയും. വിളയ്ക്കുള്ള രോഗം മാറ്റി വിള സംരക്ഷിക്കും. ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തന്നെ ഈ ശുദ്ധീകരണം നടത്തും. ആകാശ് തില്ലങ്കേരിയെ പണ്ടേ പാർട്ടി പുറത്താക്കിയതാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 

ശുഹൈബ് വധത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയ തില്ലങ്കേരിയുടെ ഫേസ്ബുക്ക് പരാമര്‍ശങ്ങള്‍ക്ക്  പി ജയരാജനെ തന്നെ രംഗത്തിറക്കി സിപിഎം കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു .പല വഴിക്ക് സ‌ഞ്ചരിക്കുന്നവരുമായി പാർട്ടിക്ക് ഒത്തുതീർപ്പില്ലെന്നാണ് പി ജയരാജൻ തില്ലങ്കേരിയിലെ വിശദീകരണ യോഗത്തിൽ പറഞ്ഞത്.

ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി എം വി ഗോവിന്ദന്‍ കണ്ണൂരില്‍ ഇന്ന് രാവിലെ പൗര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി.തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി - ആർ എസ് എസ് ചർച്ചയെക്കുറിച്ച് സി പി എം ഉന്നയിച്ച ചോദ്യങ്ങൾക്ക് യുഡിഎഫിന് മറുപടി ഇല്ലെന്ന് അദ്ദേഹം പറ‌ഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ജമാഅത്തിന്‍റെ  സഹായം യുഡിഎഫ് നേടി. രണ്ട് രൂപ ഇന്ധന സെസ് ഉയർത്തിയതിനെതിരെ വ്യാപക സമരം യു ഡി എഫ് നടത്തുന്നു.കേന്ദ്രത്തിൽ കോൺഗ്രസ് ഭരിക്കുമ്പോഴാണ് ഇന്ധന വിലവർധിപ്പിച്ചത്.

വണ്ടിക്ക് മുന്നിൽ ചാടാനുള്ള സമരമാണ്  യു ഡി എഫ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ വാഹനം ഇടിക്കാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞ് കോൺഗ്രസ് പൊലീസിൽ പരാതി നൽകുകയാണ്. വാഹന വ്യൂഹത്തിന് നേരെ പ്രവർത്തകരെ ചാടിക്കുന്നവർ ഇത് എന്തിന് എന്ന് ചിന്തിക്കണം. യുഡിഎഫും ബിജെപിയും ചേർന്ന് കലാപമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Similar News