'മൈക്കു കണ്ടാല്‍ ഉടന്‍ താന്‍ പ്രതികരിക്കുന്നു', മാധ്യമങ്ങള്‍ ശത്രുക്കളല്ലെന്ന് ഗവര്‍ണര്‍

Update: 2022-09-19 13:02 GMT

മാധ്യമങ്ങള്‍ ശത്രുക്കളല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മൈക്കു കണ്ടാല്‍ ഉടന്‍ താന്‍ പ്രതികരിക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ താന്‍ മാധ്യമങ്ങളോട് കടക്കു പുറത്ത് എന്നു പറയണോ. താന്‍ മാധ്യമങ്ങള്‍ക്ക് പരിഗണന നല്‍കുന്നു. അസാധാരണ സാഹചര്യത്തിലാണ് താന്‍ രാജ്ഭവനില്‍ വാര്‍ത്താസമ്മേളനം വിളിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജനെയും മുന്‍ മന്ത്രി കെ ടി ജലീലിനെയും രൂക്ഷമായി വിമര്‍ശിച്ചു. വിമാനത്തില്‍ അപമര്യാദയോടെ പെരുമാറിയതിന് വിലക്ക് ഏര്‍പ്പെടുത്തിയ വ്യക്തിയാണ് ഭരിക്കുന്ന മുന്നണിയായ എല്‍ഡിഎഫിനെ നയിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഭരണപക്ഷത്തുള്ള മറ്റൊരു എംഎല്‍എ രാജ്യത്തിന്റെ അഖണ്ഡതയെത്തന്നെ വെല്ലുവിളിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.

പാകിസ്ഥാന്റെ ഭാഷയാണ് എംഎല്‍എ ഉപയോഗിക്കുന്നത്. ഇതെല്ലാം വ്യക്തിപരമായ സംഭവങ്ങളെന്ന് പറഞ്ഞ് തള്ളാനാകുമോയെന്ന് ഗവര്‍ണര്‍ ചോദിച്ചു. ഒരിക്കലുമില്ല. ഇതെല്ലാം പരിശീലന ക്യാംപില്‍ നിന്നും ലഭിക്കുന്ന രീതികളാണ്. ഇത് രാജ്യത്തിന് പുറത്ത് ഉത്ഭവിച്ച പ്രത്യയശാസ്ത്രത്തിന്റെ പ്രതിഫലനമാണ്. അവര്‍ വിശ്വസിക്കുന്നത് രാജ്യത്തെ നിയമത്തെയും അഭിപ്രാവ്യത്യാസങ്ങളെയും ശക്തി കൊണ്ട് അടിച്ചമര്‍ത്താമെന്നാണ്. ഗവര്‍ണര്‍ ആരോപിച്ചു.

വര്‍ഗശത്രുക്കളെ ഇത്തരത്തില്‍ നേരിടാനാണ് അവര്‍ ശ്രമിക്കുന്നത്. രാഷ്ട്രീയമായി എതിര്‍പക്ഷത്തുള്ളവരെയാണ് ഇവര്‍ വര്‍ഗശത്രുക്കളായി കാണുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. താന്‍ ആരുടേയും പേരു പറഞ്ഞില്ല. എന്നാല്‍ തന്റെ വിമര്‍ശനങ്ങളെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പറ്റിയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്തുകൊണ്ട് അദ്ദേഹത്തിന് അങ്ങനെ തോന്നി. കാരണം അവരുടെ ക്യാംപുകളില്‍ പഠിപ്പിക്കുന്നതാണ് ഇതെല്ലാമെന്ന് അദ്ദേഹം മനസ്സിലാക്കിയതുകൊണ്ടാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

കണ്ണൂരില്‍ എത്ര രാഷ്ട്രീയ എതിരാളികള്‍ കൊല്ലപ്പെട്ടു. എത്ര യുവാക്കള്‍ക്ക് കേരളത്തിലെ സര്‍വകലാശാലകളില്‍ ജീവന്‍ നഷ്ടമായി. ശക്തി കൊണ്ട് അടിച്ചമര്‍ത്താമെന്ന ചിലരുടെ പ്രത്യയശാസ്ത്രമാണ്  ഇതിനെല്ലാം കാരണം. ചരിത്ര കോണ്‍ഗ്രസിനിടെ തനിക്കെതിരെ പ്രതിഷേധക്കാര്‍ മുന്‍കൂട്ടി തീരുമാനിച്ച് പ്ലക്കാര്‍ഡുകളുമായി എത്തി. നൂറ് പ്ലക്കാര്‍ഡുകളാണ് പ്രതിഷേധക്കാര്‍ കൊണ്ടുവന്നത്.മുന്‍കൂട്ടി തീരുമാനിക്കാതെ പ്ലക്കാര്‍ഡുകള്‍ എത്തുന്നതെങ്ങനെയെന്ന് ഗവര്‍ണര്‍ ചോദിച്ചു. പ്രതിഷേധക്കാരെത്തിയത് ജെഎന്‍യു, ജാമിയ എന്നിവിടങ്ങളില്‍ നിന്നാണെന്നും ഗവര്‍ണര്‍ പറഞ്ഞു

 

Tags:    

Similar News