യുജിസി യോഗ്യത ഇല്ല; കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വിസിമാരെ പുറത്താക്കി ഗവർണർ

Update: 2024-03-07 11:51 GMT

കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വിസിമാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കി. യുജിസി യോഗ്യത ഇല്ലാത്തത്തിന്‍റെ പേരിലാണ്‌ നടപടി.

10 ദിവസത്തിനകം സ്ഥാനമൊഴിയണമെന്നാണ് രാജ്ഭവന്‍ ഉത്തരവ്. യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഇവരെ നിയമിച്ചതിനാലാണ് നടപടി. ഡോ.എം.കെ.ജയരാജാണ് കാലിക്കട്ട് വിസി. ഡോ.എം.വി.നാരായണനാണ് സംസ്കൃത വിസി.

ഡിജിറ്റൽ, ഓപ്പൺ സർവകലാശാല വിസിമാരുടെ കാര്യത്തിൽ യുജിസിയോട് ഗവർണർ അഭിപ്രായം ആരാഞ്ഞു. ഹിയറിങിനു ശേഷമാണ് ഗവർണറുടെ നടപടി. ഓപ്പൺ സർവകലാശാല വിസി രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിട്ടില്ല.

കോടതി നിർദേശപ്രകാരം ഓപ്പൺ, ഡിജിറ്റൽ, കാലിക്കറ്റ്, സംസ്കൃത സർവകശാല വിസിമാരുമായി ഗവർണർ ഹിയറിങ് നടത്തിയിരുന്നു. വിസി നിയമനത്തിന്റെ സേർച്ച്‌ കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും വിസിയെ നിയമിക്കാൻ പാനലിനു പകരം ഒരു പേര് മാത്രം സമർപ്പിച്ചതും വിസിമാരെ യുജിസി പ്രതിനിധി കൂടാതെ ആദ്യ വിസിമാർ എന്ന നിലയിൽ സർക്കാർ നേരിട്ട് നിയമിച്ചതുമാണ് വിസി പദവി അയോഗ്യമാകാൻ കാരണമായി ചൂണ്ടിക്കാട്ടി ഗവർണർ നോട്ടിസ് നൽകിയത്.

നാലു വിസിമാരും അയോഗ്യരാണെന്നായിരുന്നു ഹിയറിങിനു ശേഷമുള്ള ഗവർണറുടെ നിലപാട്. ചട്ടങ്ങൾ പാലിക്കാതെ നിയമിച്ച വിസിമാർ അയോഗ്യരാണെന്നാണ് യുജിസിയുടെയും നിലപാട്. ഡിജിറ്റൽ സർവകലാശാലയുടെ വിസി നേരിട്ട് ഹിയറിങിനു ഹാജരായിരുന്നു. കാലിക്കറ്റ് വിസിയുടെ അഭിഭാഷകനും നേരിട്ടു ഹാജരായി. സംസ്കൃത സർവകലാശാല വിസിയുടെ അഭിഭാഷകൻ ഓൺലൈനിലൂടെ ഹാജരായി. ഓപ്പൺ സർവകലാശാല വിസി ഹാജരായില്ല.

ഹിയറിങിൽ പങ്കെടുത്ത മൂന്നു വിസിമാരും അയോഗ്യരാണെന്ന് യുജിസി പ്രതിനിധി ഹിയറിങിൽ അറിയിച്ചിരുന്നു. വിസിമാർക്കോ അവർ ചുമതലപ്പെടുത്തുന്ന അഭിഭാഷകർക്കോ ഹിയറിങിൽ പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നു. നിയമസഭ പാസാക്കിയ നിയമം അനുസരിച്ചാണ് ഗവർണർ സർവകലാശാലകളുടെ ചാൻസലറായതെന്നും നിയമത്തിൽ ഭേദഗതിവരുത്താൻ നിയമസഭയ്ക്ക് അധികാരമുണ്ടെന്നും സർക്കാർ വാദിക്കുന്നു.

കേരള, കെടിയു, കുസാറ്റ്, എംജി, കണ്ണൂർ, മലയാളം, കാർഷിക, ഫിഷറീസ്, നിയമ സര്‍വകലാശാലകളിൽ നിലവിൽ വിസിമാരില്ല. നിയമ സർവകലാശാലയുടെ ചാൻസലർ ചീഫ് ജസ്റ്റിസാണ്. ആരോഗ്യസർവകലാശാലയിലും വെറ്ററിനറി സർവകലാശാലയിലും വിസിമാരുണ്ട്.

Tags:    

Similar News