പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസ് വൈസ് ചാൻസലറെ സസ്‌പെൻഡ് ചെയ്ത് ഗവർണർ. വിസിയായ പ്രഫ. എം.ആർ. ശശീന്ദ്രനാഥിനതിരെയാണ് ഗവർണറുടെ നടപടി. സർവകലാശാല ക്യാംപസിൽ എസ്എഫ്‌ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദനത്തിനും ഇരയായ രണ്ടാംവർഷ ബിരുദവിദ്യാർഥി ജെ.എസ്.സിദ്ധാർഥനെ (20) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നടപടി.
മൂന്നുദിവസം തുടർച്ചയായി വിദ്യാർത്ഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സർവകലാശാല അധികൃതരുടെ അറിവോടെയായിരുന്നുവെന്നും ഗവർണർ പറഞ്ഞു. സർവ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഗവർണർ വിമർശിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഗവർണർ നീക്കം തുടങ്ങി. ജുഡീഷ്യൽ അന്വേഷണത്തിനായി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട ഹൈക്കോടതിയെ സമീപിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് ഹോസ്റ്റലുകൾ എസ്എഫ്‌ഐ ഹെഡ് കോർട്ടേഴ്‌സുകൾ ആക്കി മാറ്റുകയാണ്. എസ്എഫ്‌ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. അത്തരത്തിലുള്ള റിപ്പോർട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ട്. സിദ്ധാർത്ഥന് 24 മണിക്കൂറോളം ഭക്ഷണമോ വെള്ളമോ പോലും ലഭിച്ചിരുന്നില്ലെന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളെ കണ്ടപ്പോൾ ഗവർണർ പറഞ്ഞു.