പരാതികള്‍ക്ക് പരിഹാരമില്ല, പിന്നെ എന്തിന് നവകേരള സദസ്സ്? സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍

Update: 2023-12-13 05:56 GMT

സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരാണെന്നാണ് ഗവർണറുടെ വിമർശനം. സർക്കാർ സ്ഥാപനങ്ങളിൽ വർഷങ്ങളോളം സേവനം ചെയ്തവർക്ക് പെൻഷനില്ല. എന്നാൽ മന്ത്രിമാരുടെ സ്റ്റാഫായി രണ്ട് വർഷം സേവനം ചെയ്തവർക്ക് വരെ പെൻഷൻ ലഭിക്കുന്നുണ്ടെന്നും ഗവർണർ ആരോപിച്ചു. നവകേരള സദസ്സിനെയും ഗവർണർ വിമർശിച്ചു. നവകേരള യാത്രയിൽ പരാതികൾക്ക് പരിഹാരമില്ലെന്നാണ് ഗവർണർ ആരോപിക്കുന്നത്. എന്താണ് നവകേരള സദസ്സിന്റെ ലക്ഷ്യമെന്ന് ചോദിച്ച ഗവർണർ പ്രതിസന്ധി കാലത്തും ധൂർത്തിന് കുറവില്ലെന്ന് ആരോപിച്ചു.

സംസ്ഥാനത്തെ സർവകലാശാലകളിലെ ഗവർണറുടെ ഇടപെടലിനെതിരെ സംസ്ഥാന സർക്കാരും ഇടത് സംഘടനകളും വിമർശനങ്ങൾ ഉന്നയിക്കുന്നത് ഗവർണറെ ചൊടിപ്പിച്ചിട്ടുണ്ട്. കേരള യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് വിദ്യാർത്ഥി പ്രതിനിധികളെ നോമിനേറ്റ് ചെയ്തതിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത പ്രതിനിധികളിൽ പകുതിയോളം ബിജെപി പ്രവർത്തകരെ ഉൾപ്പെടുത്തിയതിലും എസ്എഫ്‌ഐ ഗവർണർക്കെതിരെ പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ പാളയത്തുവച്ച് ഗവർണർക്ക് നേരെ എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധം നടത്തിയതിൽ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.

ഗോ ബാക്ക് മുദ്രാവാക്യം ഉയർത്തിയെത്തിയ എസ്എഫ്ഐ പ്രവർത്തകർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിക്കുകയായിരുന്നു. 'ആർഎസ്എസ് ഗവർണർ ഗോബാക്ക്' എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം.വിമാനത്താവളത്തിലേക്ക് പോകുന്ന വഴി പേട്ട ജംഗ്ഷന് സമീപം പൊലീസ് സ്റ്റേഷന് എതിർവശത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കാറിൽ നിന്ന് പുറത്തിറങ്ങി ക്ഷുഭിതനായ ഗവർണർ രൂക്ഷ ഭാഷയിൽ പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് ഗവർണർ ഉയർത്തിയത്. ഇതിന് പുറമെ കേരള സർവകലാശാലാ സെനറ്റിലേക്ക് വിദ്യാർഥി പ്രതിനിധികളെ ശുപാർശ ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതും ഗവർണർക്ക് തിരിച്ചടിയായിട്ടുണ്ട്. സെനറ്റിലേക്ക് സർവകലാശാല ശുപാർശ ചെയ്ത നാല് വിദ്യാർഥികളാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ടി ആർ രവിയുടെ ബെഞ്ചിന്റേതാണ് നടപടി. ചാൻസലറായ ഗവർണർ ശുപാർശ ചെയ്തവർക്ക് ഹൈക്കോടതി നോട്ടീസ് നൽകി. ഹ്യുമാനിറ്റീസ്, സയൻസ്, കല, കായികം എന്നീ മേഖലകളിൽ ഉന്നത മികവ് പുലർത്തുന്നവരെയാണ് സെനറ്റിലേക്ക് ശുപാർശ ചെയ്യേണ്ടത്. എന്നാൽ ഈ മാനദണ്ഡം പൂർണ്ണമായും ലംഘിച്ചുവെന്നാണ് ഹർജിക്കാർ ഹൈക്കോടതിയിൽ ഉന്നയിച്ച വാദം.

Tags:    

Similar News