കെഎസ്ആർടിസിക്ക് വീണ്ടും 30 കോടി രൂപ അനുവദിച്ച് സർക്കാർ

Update: 2024-09-04 10:43 GMT

സംസ്ഥാന സർക്കാർ കെഎസ്ആർടിസിയ്ക്ക് 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ പ്രതിമാസം 50 കോടി രൂപയെങ്കിലും സഹായമായി നൽകുന്നുണ്ട്. ഈ സാമ്പത്തിക വർഷം ബജറ്റിൽ കെഎസ്ആർടിസിക്ക് 900 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 688.43 കോടി രൂപ ഇതിനകം ലഭ്യമാക്കി. രണ്ടാം പിണറായി സർക്കാർ ഇതുവരെ 5970 കോടി രൂപയാണ് കോർപറേഷന് നൽകിയത്.

കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിനുമുമ്പ് ഒറ്റത്തവണയായി ശമ്പളം നൽകുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ ഉറപ്പുനൽകിയിരുന്നു. കേരള ബാങ്കിൽ നിന്ന് 100 കോടി രൂപ വായ്പയെടുത്ത് എല്ലാ മാസവും ആദ്യം ഒറ്റഗഡുവായി ശമ്പളം നൽകാനാണ് ഇപ്പോഴുള്ള തീരുമാനം. സർക്കാർ നൽകുന്ന അമ്പതുകോടിയും ദിവസേനയുള്ള കളക്ഷനിൽ നിന്നുള്ള വരുമാനവും കൊണ്ട് ലോൺ അടച്ചുതീർക്കും. അതേസമയം, പെൻഷൻ കാര്യത്തിൽ ഇപ്പോഴും വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. പെൻഷൻ കിട്ടാൻ ഓരോമാസവും ഹൈക്കോടതിയെ സമീപിക്കേണ്ട ഗതികേടിലാണ് പെൻഷൻകാർ. അടുത്തിടെ വിഷയത്തിൽ കോടതി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.

Tags:    

Similar News