എൽദോസ് കെപിസിസിക്ക് വിശദീകരണം നൽകി; കോടതി നടപടി നോക്കുന്നില്ല, വിശദീകരണം നോക്കി നടപടിയെന്ന് സുധാകരൻ
ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ കെപിസിസിക്ക് വിശദീകരണം നൽകിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എംഎൽഎയുടെ മറുപടി വായിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പരിശോധിച്ച്, മുതിർന്ന നേതാക്കളുമായി ആലോചിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
എൽദോസിനെ ന്യായീകരിക്കുന്നില്ല. എൽദോസിന്റെ നടപടി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നത് സത്യമാണ്. പാർട്ടിക്ക് ക്ഷീണമായി. വിശദീകരണം പരിശോധിച്ച് ശേഷം പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്ത് നടപടി ഉണ്ടാകും. ജാമ്യാപേക്ഷയിലെ കോടതി നടപടി നോക്കുന്നില്ലെന്നും വിശദീകരണം നോക്കിയായിരിക്കും നടപടിയെന്നും കെ സുധാകരൻ വ്യക്തമാക്കി. അതേസമയം, ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പള്ളിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉച്ചയ്ക്ക് ശേഷം കോടതി വിധി പറയും.