മോഹൻലാലും മമ്മൂട്ടിയും മാറിനിന്നാൽ 'അമ്മ' ശിഥിലമാകും, വ്യക്തിപരമായ വേദനയാണത്; കെബി ഗണേഷ് കുമാർ

Update: 2024-08-28 01:01 GMT

മോഹൻലാലും മമ്മൂട്ടിയും മാറിനിന്നാൽ താരസംഘടനയായ അമ്മയെ നയിക്കാൻ ആർക്കും കഴിയില്ലെന്ന് മന്ത്രിയും നടനുമായ കെ.ബി. ഗണേഷ് കുമാർ. അമ്മ എന്ന മഹത്തായ പ്രസ്ഥാനം നശിച്ച ദിവസമാണിന്ന്. സംഘടനയെ നശിപ്പിക്കാൻ കുറേ ആളുകൾ കാലങ്ങളായി ആഗ്രഹിക്കുന്നു. അത് സാധിച്ചുവെന്നും ഗണേഷ് കുമാർ ഒരു പൊതുപരിപാടിയിൽ പറഞ്ഞു.

'സുരേഷ് ഗോപി, മോഹൻലാൽ, മമ്മൂട്ടി എന്നിവരിൽനിന്ന് 50,000 രൂപ വീതം വാങ്ങി 1.5 ലക്ഷം രൂപയ്ക്ക് തുടങ്ങിയ അമ്മ എന്ന മഹത്തായ പ്രസ്ഥാനം നശിച്ച ദിവസമാണിന്ന്. വ്യക്തിപരമായ വേദനയാണത്. മോഹൻലാലും മമ്മൂട്ടിയും ഉപേക്ഷിച്ചാൽ അത് ശിഥിലമാവും. ഒരുസംശയവും വേണ്ട. അതിന്റെ കാറ്റുപോയി. അത് നശിപ്പിക്കാൻ കുറേ ആളുകൾ കുറേ നാളുകളായി ആഗ്രഹിക്കുന്നു. ആ ആഗ്രഹം സാധിച്ച്, അവർ സന്തോഷിക്കുന്ന ദിവസമാണിന്ന്', ഗണേഷ് കുമാർ പറഞ്ഞു.

'മോഹൻലാലും മമ്മൂട്ടിയുമെല്ലാം വിചാരിച്ചാൽ മാത്രമേ ഇത് കൂട്ടിയാൽ കൂടുകയുള്ളൂ. ഇനിയാരുണ്ട്? മോഹൻലാലും മമ്മൂട്ടിയും മാറിനിന്നാൽ ഇനിയാർക്കും നയിക്കാൻ ഒക്കില്ല. ഉറപ്പിച്ചുപറയുകയാണ്', അദ്ദേഹം അഭിപ്രായപ്പെട്ടു.

'എന്റെ മനസിൽ ഹൃദയവേദനയുണ്ടായ ദിവസമാണിന്ന്. മോഹൻലാലുമായി സംസാരിച്ചു. ഒഴിഞ്ഞുമാറി നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാവട്ടെ ചേട്ടായെന്ന് ഞാൻ പറഞ്ഞു. അദ്ദേഹത്തെപ്പോലൊരു മഹാനടനെ ഇതിന്റെ പേരിൽ അധിക്ഷേപിക്കുന്നത് ശരിയല്ല. മോശമാണ്. മുഖ്യമന്ത്രി രണ്ടുമൂന്നുദിവസം മുമ്പ് സൂചിപ്പിച്ചതും അതുതന്നെയാണ്', മന്ത്രി കൂട്ടിച്ചേർത്തു.

'ഇവർ പറയുന്ന ആര് പ്രസിഡന്റായി വന്നാലും ഇതിനെ നിലനിർത്താൻ പറ്റില്ല. ഇന്നസെന്റിന്റെ ഇടവും വലവും മമ്മൂട്ടിയും മോഹൻലാലും നിൽക്കുമായിരുന്നു. ഇനി പുതിയ ജനറേഷൻ വരട്ടേയെന്ന് പറയുമ്പോൾ, ആരാണ് വരുന്നതെന്ന് നിങ്ങൾ കാണുക. ഇനി അതെങ്ങനെ എന്ന കാര്യം ദൈവം തമ്പുരാന് മാത്രമേ അറിയാൻ പറ്റുകയുള്ളൂ', ഗണേഷ് കുമാർ പറഞ്ഞു.

Tags:    

Similar News