ഇന്ധന സെസിൽ പ്രതിപക്ഷ പ്രതിഷേധം; ചോദ്യോത്തരവേള സസ്‌പെൻഡ് ചെയ്തു, സഭ പിരിഞ്ഞു

Update: 2023-02-09 04:41 GMT

ഇന്ധനസെസ് ഏർപ്പെടുത്തിയതിനെതിരെ നിയമസഭയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. നികുതി വർധനയിൽ പ്രതിഷേധിച്ച് എംഎൽഎ ഹോസ്റ്റലിൽനിന്ന് കാൽനടയായാണ് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിലേക്കെത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും യുഡിഎഫ് നേതാക്കളും പ്രതിഷേധത്തിനു നേതൃത്വം നൽകി. കേരളത്തിന്റെ ചരിത്രത്തിൽ ഇല്ലാത്ത രീതിയിലുള്ള നികുതി വർധനയാണ് ഉണ്ടായിരിക്കുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രതിപക്ഷം സഹകരിക്കാത്തത് നിർഭാഗ്യകരമാണെന്ന് സ്പീക്കർ പറഞ്ഞു. ചോദ്യോത്തരവേള സസ്‌പെൻഡ് ചെയ്തു. നിയമസഭാ സമ്മേളനം ഇന്ന് ഇടക്കാലത്തേക്ക് പിരിഞ്ഞു.

ജനങ്ങളോട് സർക്കാരിനു പുച്ഛമാണെന്ന് വി.ഡി.സതീശൻ പറഞ്ഞു. ജനങ്ങൾ പ്രയാസപ്പെടുമ്പോഴാണ് നാലായിരം കോടിയുടെ നികുതി നിർദേശങ്ങളുമായി വന്നിരിക്കുന്നത്. അത് വെച്ചുപൊറുപ്പിക്കാൻ കഴിയില്ല. പ്രതിപക്ഷത്തിന്റെ ധാർമിക ഉത്തരമാണ് നിറവേറ്റുന്നത്. അഹങ്കാരം തലയ്ക്കു പിടിച്ച സർക്കാരാണിത്. അവർക്ക് പ്രതിപക്ഷത്തോട് പരിഹാസമാണ്. ജനങ്ങളോട് പുച്ഛമാണ്. ജനങ്ങളെ മറന്നാണ് സർക്കാർ പോകുന്നത്. തുടർഭരണം കിട്ടിയതിന്റെ അഹങ്കാരമാണ് കാണിക്കുന്നത്. പ്രതിപക്ഷം സമരം ചെയ്യുന്നതു കൊണ്ട് നികുതി കുറയ്ക്കില്ല എന്നു പറയുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഇന്ധന നികുതി കേന്ദ്രം കൂട്ടിയപ്പോൾ നികുതി കൊടുക്കാതെ പ്രതിഷേധിക്കാൻ പറഞ്ഞയാളാണ് പിണറായി വിജയനെന്നും വി.ഡി.സതീശൻ പറഞ്ഞു.

നിയമസഭയിലേക്കെത്തിയ പ്രതിപക്ഷ അംഗങ്ങൾ നടത്തളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചു. ചോദ്യോത്തര വേളയിൽ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ മന്ത്രി എം.ബി.രാജേഷ് ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. അതേസമയം, സഭയ്ക്കു മുന്നിൽ നാല് പ്രതിപക്ഷ എംഎൽഎമാരുടെ സത്യാഗ്രഹം തുടരുകയാണ്.

Tags:    

Similar News