പടയപ്പയെ പ്രകോപിപ്പിക്കരുത്, മദപ്പാടുണ്ട്; മുന്നറിയിപ്പുമായി വനംവകുപ്പ്

Update: 2023-01-29 05:03 GMT

മൂന്നാറിലെ കൊമ്പൻ പടയപ്പയെ പ്രകോപിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്. മദപ്പാട് ഉള്ളതിനാൽ അക്രമാസക്തനാകാൻ സാധ്യതയുള്ളതിനാലാണ് മുൻകരുതൽ വേണമെന്ന് വനംവകുപ്പ് അറിയിച്ചത്.

സാധാരണ മദപ്പാട് സമയത്ത് പടയപ്പ കാടു കയറാറാണ് പതിവ്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി മദപ്പാടു സമയത്തും ജനവാസ മേഖലയിൽ തന്നെ തുടരുകയാണ്. മൂന്നാറിലെ ജനപ്രിയനായ കൊമ്പനെന്ന് വിളിപ്പേരുള്ള പടയപ്പ സാധാരണ നിലയിൽ ജനങ്ങൾക്ക് യാതൊരു വിധ പ്രശ്നങ്ങളുമുണ്ടാക്കാറില്ല. മദപ്പാട് സമയം പൊതുവേ ആനകൾ അക്രമാസക്തരാകാറുള്ളതിനാലാണ് ആശങ്കകൾ നിലനിൽക്കുന്നത്. അതിനാലാണ് പടയപ്പയെ പ്രകോപിപ്പിക്കരുതെന്ന് വനംവകുപ്പ് നിർദ്ദേശം നൽകിയത്.

മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളിൽ പലരും പടയപ്പയെ വാഹനങ്ങളുടെ ഹോണടിച്ചും ലൈറ്റു തെളിച്ചുമൊക്കെ പ്രകോപിപ്പിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സഞ്ചാരികളും നാട്ടുകാരും ജാഗ്രത പുലർത്തണമെന്ന് വനംവകുപ്പ് അറിയിച്ചത്.

Tags:    

Similar News