വയനാട്ടിലെ കടുവാ കണക്കുകള്‍ പുറത്ത് വിട്ട് വനംവകുപ്പ്

Update: 2024-02-29 09:29 GMT

മനുഷ്യ - മൃഗ സംഘര്‍ഷങ്ങളില്‍  കേരളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ലയാണ് വയനാട്. ഒരേസമയം കര്‍ണ്ണാടകയുമായും തമിഴ്നാടുമായും അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല. കേരളത്തില്‍ ജനസംഖ്യ ഏറ്റവും കുറവുള്ള ജില്ലയുടെ 38 ശതമാനവും വനമാണ്. സ്വഭാവികമായും മനുഷ്യ മൃഗ സംഘര്‍ഷങ്ങള്‍ വയനാട്ടില്‍ ഏറെ കൂടുതലുമാണ്.

അടുത്ത കാലത്തായി ഈ സംഘര്‍ഷങ്ങളില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചതോടെ വനംവകുപ്പിന്‍ അനാസ്ഥയാണ് കാരണമെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നു. എന്നാല്‍, വേനല്‍ക്കാലത്ത് ഇലപൊഴിയും കാടുകളുള്ള കര്‍ണ്ണാടക - തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് ആന അടക്കമുള്ള മൃഗങ്ങള്‍ വനനാട്ടിലേക്ക് എത്തുന്നതാണ് ഇക്കാലങ്ങളില്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് വനംവകുപ്പിന്‍റെ വാദം. 

അതേസമയം വനംവകുപ്പിന്‍റെ വന്യമൃഗകണക്കുകള്‍ തെറ്റാണെന്ന വാദവും ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയെന്നവണ്ണം വയനാട് ജില്ലയിലെ കടുവകളുടെ എണ്ണം വ്യക്തമാക്കി വനംവകുപ്പ് രംഗത്തെത്തി. കേരളാ ഫോറസ്റ്റ് ആന്‍റ് വൈല്‍ഡ് ലൈഫ് വകുപ്പിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കടുവാക്കണക്കുകള്‍ വനംവകുപ്പ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

വനംവകുപ്പിന്‍റെ പുതിയ വസ്തുതാവിവരണപ്രകാരം വയനാട് ജില്ലയുടെ ആകെ വനവിസ്തൃതി 1138 സ്ക്വയര്‍ കിലോമീറ്ററാണ്. വയനാട് വന്യജീവി സങ്കേതം, ആറളം വന്യജീവി സങ്കേതം, കൊട്ടിയൂര്‍ വന്യജീവി സങ്കേതം, വയനാട് നോര്‍ത്ത് ഡിവിഷന്‍, വയനാട് സൌത്ത് ഡിവിഷന്‍, കണ്ണൂര്‍ ഡിവിഷന്‍ എന്നീ വനപ്രദേശങ്ങളും വയനാട് വനംവകുപ്പിന് കീഴില്‍പ്പെടുന്നു. 

ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ 2022 ലെ കണക്കുകള്‍ ഉദ്ധരിച്ച് വയനാട് ലാന്‍ഡ് സ്കേപ്പിലെ ആകെ കടുവകളുടെ എണ്ണം 80 ആണ്.  2023 ലെ കേരളാ ഫോറസ്റ്റ് ആന്‍റ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ വെബ്സൈറ്റ് പ്രകാരം വയനാട് ലാന്‍ഡ് സ്കേപ്പിലെ ആകെ കടുവകളുടെ എണ്ണം 84. അതായത് ദേശീയ കണക്കുകളില്‍ 2022 ല്‍ 80 കടുവകള്‍ രേഖപ്പെടുത്തപ്പെട്ടപ്പോള്‍ കേരളാ വനം വകുപ്പിന്‍റെ കണക്കുകളില്‍ 2023 ആകുമ്പോഴേക്കും 4 കടുവകള്‍ മാത്രമാണ് കൂടിയതെന്നും കാണാം.

അതേസമയം 2023 ഏപ്രില്‍ മാസം മുതല്‍ മനുഷ്യ - വന്യജീവി സംഘര്‍ഷത്തെ തുടര്‍ന്ന് പ്രസ്തുത ഭൂപരിധിയില്‍ നിന്നും പിടികൂടി സ്ഥലം മാറ്റപ്പെട്ട കടുവകളുടെ എണ്ണം ആറാണെന്നും വനംവകുപ്പ് പറയുന്നു. 2023 ഏപ്രില്‍ മാസം മുതല്‍ ഇതുവരെയായി 3 കടുവകള്‍ മരിച്ചെന്നും വനംവകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

 

Tags:    

Similar News