തുറമുഖത്തിന് സുരക്ഷയൊരുക്കാൻ ഏജൻസികൾ; പൊലീസിനൊപ്പം കേന്ദ്ര ഏജൻസികളും അദാനി ഗ്രൂപ്പിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും

Update: 2023-10-15 04:45 GMT

വിഴിഞ്ഞം തുറമുഖത്തിന് സുരക്ഷയൊരുക്കാൻ കേരള പൊലീസിന് പുറമേ കേന്ദ്ര ഏജൻസികളും എത്തി. കസ്റ്റംസ് ഉദ്യോഗസ്ഥ സംഘത്തിന് പുറമേ എമിഗ്രേഷൻ ജോലികൾക്ക് വേണ്ടി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിലെ ഉദ്യോഗസ്ഥരുമാണ് സുരക്ഷയ്‌ക്കെത്തുക. നിലവിൽ സംസ്ഥാന പൊലീസ് വിഴിഞ്ഞം തുറമുഖത്തിനായി മാത്രം 41 പൊലീസുദ്യോഗസ്ഥരെ സ്ഥിരമായി നിയമിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്റെ കീഴിൽ ഒരു തുറമുഖം എയ്ഡ്‌പോസ്റ്റിലേക്കാണ് ഇവരെ നിയമിച്ചത്. ഇതു കൂടാതെ സായുധ ബറ്റാലിയനിൽ നിന്ന് 100 പേർ തുറമുഖത്തിന്റെ കാവലിനുണ്ട്.

തുറമുഖത്തിനുള്ളിൽ അദാനി ഗ്രൂപ്പിന്റെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരാണുള്ളത്. 130 പേരെയാണ് അദാനി ഗ്രൂപ്പ് നേരിട്ട് റിക്രൂട്ട് ചെയ്ത് നിയോഗിച്ചിട്ടുള്ളത്. സുരക്ഷാ സംഘം നാവിക സേനയിൽ നിന്ന് വിരമിച്ച ലഫ്. കേണൽ ആണ് തലപ്പത്ത്. സേനകളിൽ വിരമിച്ചവരാണ് മുഴുവൻ സുരക്ഷാ അംഗങ്ങളും. രാജ്യത്തെ തന്നെ ഏറ്റവും മിടുക്കൻമാരായ കമാൻഡോ ഗ്രൂപ്പുകളായ എസ്പിജി, എൻഎസ്ജി എന്നീ വിഭാഗങ്ങളിൽ നിന്ന് വിരമിച്ചവരുടെ ക്വിക്ക് ആക്ഷൻ ടീമിനെയും നിയോഗിച്ചിട്ടുണ്ട്.

പോർട്ടിനുള്ളിലെ സുരക്ഷയ്ക്ക് ഇനി സിഐഎസ്എഫിനെയോ സംസ്ഥാന സർക്കാരിന്റെ വ്യവസായ സുരക്ഷാ സേനയെയോ (എസ്‌ഐഎസ്എഫ്) നിയോഗിക്കും. ഇതിനായി 2 വിഭാഗങ്ങളും പോർട്ടിലെത്തി സുരക്ഷാ ഓഡിറ്റ് നടത്തി അവരുടെ സുരക്ഷാ പ്ലാൻ സർക്കാരിനും അദാനി ഗ്രൂപ്പിനും നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ എസ്‌ഐഎസ്എഫിനെ പരിഗണിക്കുന്നതിനാണ് സാധ്യത. അദാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കു പുറമേ പോർട്ടിനുള്ളിലെ സുരക്ഷയ്ക്ക് ഈ ഉദ്യോഗസ്ഥരെയാണ് നിയമിക്കുക. പോർട്ട് പൂർണ പ്രവർത്തന സജ്ജമാകുമ്പോൾ ഇപ്പോഴുള്ള സുരക്ഷ അംഗങ്ങളുടെ എണ്ണം എല്ലാ ഏജൻസികളും വർധിപ്പിക്കും. തുറമുഖത്തിന്റെ അകത്തും പുറത്തുമുള്ള സുരക്ഷാകാര്യങ്ങൾ അവലോകനം ചെയ്യുന്നതിനും തീരുമാനങ്ങളെടുക്കുന്നതിനും സംസ്ഥാന സർക്കാരും അദാനി ഗ്രൂപ്പും കേന്ദ്രസേനകളുടെ പ്രതിനിധികളും ചേർന്ന് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി അഡൈ്വസറി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

Tags:    

Similar News