പാലക്കാട് ടയർ ഗോഡൗണിൽ വൻ തീപിടിത്തം

Update: 2023-02-10 03:14 GMT

പാലക്കാട് നഗരത്തിലെ മാർക്കറ്റ് റോഡിലെ ടയർ ഗോഡൗണിൽ വൻ തീപിടിത്തം. പിരിയാരി സ്വദേശി ആഷിഖിന്റെ ഉടമസ്ഥതയിലുള്ള ബിസ്മി ടയർ ഗോഡൗൺ പൂർണമായും രാത്രിയിൽ കത്തിനശിച്ചു. പതിനേഴ് അഗ്‌നിരക്ഷാസേന യൂണിറ്റുകൾ അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

മഞ്ഞക്കുളം പള്ളി റോഡിലെ ടയർ ഗോഡൗണിന് പിന്നിലായി രാത്രി പത്ത് മണിയോടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞ് സമീപത്തെ ഹോട്ടൽ ജീവനക്കാർ എത്തുമ്പോഴേക്കും തീ അകത്തേക്ക് പടർന്നിരുന്നു. ജില്ലയിലെ ഭൂരിഭാഗം അഗ്‌നിശമനസേന യൂണിറ്റുകളിൽ നിന്നും വാഹനങ്ങളെത്തി. അണയ്ക്കും തോറും ആളിപ്പടരുന്ന മട്ടിൽ തീ ഏറെ നേരം ആശങ്ക കൂട്ടി. സമീപത്തെ കടകളിലേക്ക് തീ പടരാതെ നോക്കിയത് അത്യാഹിതം ഒഴിവാക്കി. ഒന്നരക്കോടിയിലേറെ രൂപയുടെ ടയറുകൾ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഉടമ പറയുന്നത്.

ഗോഡൗണിന് പിന്നിലായി ചവർ കൂട്ടിയിട്ട് കത്തിക്കുന്നതിൽ നിന്നുള്ള തീപിടിത്തമെന്നാണ് നിഗമനം. പുക കിലോമീറ്ററുകൾക്ക് അപ്പുറത്തേക്കും പടർന്നു. ജില്ലാ കലക്ടർ ഡോ.എസ്.ചിത്രയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. വേഗത്തിൽ തീ അണയ്ക്കാൻ കഴിയാത്തതിൽ അഗ്‌നിശമന സേനയ്ക്കും പിഴവുണ്ടെന്നാണ് ആക്ഷേപം. വെള്ളം ശേഖരിക്കാൻ നഗരത്തിൽ സ്ഥാപിച്ചുള്ള 58 ഫയർ ഹൈഡ്രന്റുകളിൽ ഒന്നുപോലും പ്രവർത്തിത്തിച്ചില്ല. മലമ്പുഴ വെള്ളവും ശേഖരിക്കാൻ കഴിയാതെ സർവീസ് സ്റ്റേഷനുകളിൽ നിന്നും കുഴൽക്കിണറിൽ നിന്നും വെള്ളം ശേഖരിച്ചാണ് തീകെടുത്തിയത്. നിരവധി പരിമിതികളുണ്ടെന്ന് അഗ്‌നിശമനസേന പാലക്കാട് സ്റ്റേഷൻ ഓഫിസർ ജോബി ജേക്കബ് പറഞ്ഞു.

തീപിടിത്ത വിവരമറിഞ്ഞ് എത്തിയ ആദ്യവാഹനം വേഗത്തിൽ വെള്ളം നനച്ച് തീകെടുത്താൻ ശ്രമിച്ചു. കരുതിയ വെള്ളം തീർന്നതോടെ എവിടെ നിന്ന് വെള്ളം ശേഖരിക്കുമെന്ന ആശയക്കുഴപ്പത്തിലായി. ആലോചിച്ച് നിൽക്കുന്നതിനിടയിൽ നിമിഷ നേരം കൊണ്ട് തീപടർന്നു. ഒടുവിൽ നഗരത്തിൽ നിന്നും ഏറെ ദൂരം സഞ്ചരിച്ചാണ് വാഹനങ്ങളിൽ വെള്ളം നിറച്ചത്.

Tags:    

Similar News