സുഭാഷ് ചന്ദ്ര ബോസിന്‍റെ  ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ മരണത്തീയതി പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് കൊൽക്കത്ത പൊലീസ്

Update: 2025-01-27 03:08 GMT

സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ മരണ തീയതി പരാമര്‍ശിച്ചതില്‍  ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് കൊൽക്കത്ത പൊലീസ്. ഹിന്ദുത്വ ഗ്രൂപ്പായ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പരാതിയിലാണ് തെക്കന്‍ കൊല്‍ക്കത്തയിലെ ഭവാനിപുര്‍  പൊലീസ് രാഹുലിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റർ ചെയ്തത്.

സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് രാഹുൽ ​ഗാന്ധി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്‍റെ മരണ തീയതി പരാമർശിച്ചത്.  

1945 ഓഗസ്റ്റ് 18-ന് സുഭാഷ് ചന്ദ്ര ബോസ് മരിച്ചെന്നായിരുന്നു രാഹുലിന്റെ പോസ്റ്റിലുള്ളത്. ഇതിന് പിന്നാലെ  രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺ​ഗ്രസ് രംഗത്ത് വന്നു. സുഭാഷ് ചന്ദ്ര ബോസിന്‍റെ ജനന തീയതി അറിയാമെങ്കിലും മരണ തീയതി ആര്‍ക്കും അറിയില്ലെന്നും അദ്ദേഹത്തിന്റെ മരണ തീയതി ആർക്കും അറിയില്ലെന്നായിരുന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം. 

നേതാജിയുടെ മരണത്തിലെ ദുരൂഹത കോൺഗ്രസ് എക്കാലവും മൂടിവെക്കുകയാണെന്നായിരുന്നു തൃണമൂൽ കോൺ​ഗ്രസ് നേതാവ് കുനാൽ ഘോഷിന്‍റെ ആരോപണം. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹമായ കാര്യങ്ങളും കോൺഗ്രസ് മൂടിവയ്ക്കുകയാണ്.

നേതാജി എവിടെയായിരുന്നുവെന്നോ ഇപ്പോൾ എവിടെയാണെന്നോ ഉള്ള കാര്യം കോൺ​ഗ്രസ് മറച്ചുവെച്ചു. എന്നാൽ, രാഹുൽ ​ഗാന്ധി നേതാജിയുടെ മരണ തീയതി പ്രഖ്യാപിച്ചിരിക്കുകയാണെന്നും രാഹുൽ ക്ഷമാപണം നടത്തി പോസ്റ്റ് തിരുത്തണമെന്നും കുനാൽ ഘോഷ് ആവശ്യപ്പെട്ടു. 

Tags:    

Similar News