പിഎസ്‍സി പരീക്ഷകളിൽ പകുതിയും ഒരു വർഷത്തിനകം ഓൺലൈൻ രീതിയിലാകും. ഉയർന്ന തസ്തികകളിലേക്കുള്ള എല്ലാ പരീക്ഷകളും വിവരണാത്മക രീതിയിലാകും; ഉത്തരക്കടലാസ് സ്കാൻ ചെയ്ത് കംപ്യൂട്ടർ സ്ക്രീനിൽ ലഭ്യമാക്കിയുള്ള ഓൺസ്ക്രീൻ മാർക്കിങ് മൂല്യനിർണയത്തിലേക്കു മാറുകയും ചെയ്യും.
ഒറ്റ വാക്കിൽ ഉത്തരം നൽകുന്ന ഒഎംആർ രീതിയിലൂടെ ഉദ്യോഗാർഥിയുടെ എഴുതാനുള്ള ശേഷിയും മറ്റും വിലയിരുത്താനാകില്ല. മനഃപാഠം പഠിച്ചെഴുതുന്നവർക്ക് ജയിക്കാൻ എളുപ്പവുമാണ്. ഈ സാഹചര്യത്തിലാണ് എല്ലാ പ്രധാന തസ്തികകളിലെയും പരീക്ഷകൾ വിവരണാത്മക രീതിയിലേക്കു മാറ്റുന്നതെന്നു സ്ഥാനമൊഴിയുന്ന പിഎസ്‍സി ചെയർമാൻ എം.കെ.സക്കീർ വ്യക്തമാക്കി. ഉദ്യോഗാർഥികളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചായിരിക്കും ഏതൊക്കെ പരീക്ഷകൾ ഈ രീതിയിലേക്കു മാറ്റണമെന്നു തീരുമാനിക്കുക. അധ്യാപക തസ്തികകളിൽ അപേക്ഷിക്കുന്നവർക്ക് പഠിപ്പിക്കാനുള്ള കഴിവുണ്ടോയെന്നുകൂടി വിലയിരുത്തുന്ന രീതിയിലാകും വിവരണാത്മക പരീക്ഷ.
അതേസമയം, പല തസ്തികകളിലേക്കും ലക്ഷക്കണക്കിന് അപേക്ഷകരുള്ളതിനാൽ പ്രാഥമിക പരീക്ഷകൾക്ക് തുടർന്നും ഒഎംആർ രീതി തുടരും. ഓൺസ്ക്രീൻ മാർക്കിങ് രീതിയിലൂടെ വിവരണാത്മക പരീക്ഷകളുടെ മൂല്യനിർണയം വേഗം നടത്താം. ആക്ഷേപങ്ങളുണ്ടാകില്ല. ഇരട്ട മൂല്യനിർണയത്തിലൂടെ വിശ്വാസ്യതയും ഉറപ്പാക്കാം.