'സൂപ്പർ എഡിറ്റർ' ചമഞ്ഞ് യുവതാരങ്ങൾ, മുന്നറിയിപ്പുമായി ഫെഫ്ക; പരാതി 3 യുവ നടന്മാരെക്കുറിച്ച്

Update: 2023-04-19 01:31 GMT

സിനിമയിൽ സൂപ്പർ എഡിറ്റർമാർ ചമഞ്ഞ് യുവതാരങ്ങൾ. എഡിറ്റിങ് പൂർത്തിയാക്കിയ ഭാഗങ്ങൾ റീ എഡിറ്റ് ചെയ്യണമെന്നും അല്ലെങ്കിൽ ഡബ്ബ് ചെയ്യില്ലെന്നും ഭീഷണി മുഴക്കി ചില താരങ്ങൾ പതിവായി പ്രശ്നമുണ്ടാക്കിയതോടെ കടുത്ത നിലപാടുമായി സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക രംഗത്തെത്തി. സിനിമയെ തകർക്കുന്ന ചിലരുടെ നിലപാടുകൾക്ക് വഴങ്ങില്ലെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി.

'ഇൗ അഭിനേതാക്കൾ ഒരു കാര്യം മനസ്സിലാക്കണം. നിർമാതാവും സാങ്കേതികപ്രവർത്തകരുമില്ലെങ്കിൽ ഒരു അഭിനേതാവിനും പ്രസക്തിയില്ല. താരകേന്ദ്രീകൃതമാണു സിനിമയെന്നു പറയുമ്പോഴും തൊഴിൽപരമായ മര്യാദ പാലിച്ചേ തീരൂ'. ഫെഫ്ക ജനറൽ കൗൺസിലിനു ശേഷം ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

എഡിറ്റിങ് പൂർത്തിയാക്കിയ ഭാഗം തങ്ങളെയും തങ്ങൾക്കു വേണ്ടപ്പെട്ടവരെയും കാണിക്കണമെന്നാണു ചില അഭിനേതാക്കളുടെ ആവശ്യമെന്ന് അദ്ദേഹം വിശദീകരിച്ചു. അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ റീ എഡിറ്റ് ചെയ്യണം, ഇല്ലെങ്കിൽ തുടർജോലികൾക്കു സഹകരിക്കില്ല എന്നാണ് പറയുന്നത്. ഡബ്ബിങ് നടക്കുന്ന സിനിമയുടെ എഡിറ്റ് കാണിക്കാൻ ഒരു നടൻ ആവശ്യപ്പെട്ടു. ചിത്രീകരിച്ച ഭാഗങ്ങളുടെ എഡിറ്റ് കാണിച്ചാൽ മാത്രമേ തുടർന്ന് അഭിനയിക്കുകയുള്ളൂ എന്നാണു പറഞ്ഞത്. പ്രശ്നമുണ്ടാക്കുന്നവരുടെ പേര് പിന്നീട് പരസ്യമാക്കുമെന്നും ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി.

മൂന്നു യുവതാരങ്ങളുടെ സമീപനമാണ് ഇപ്പോൾ പരസ്യപ്രതികരണത്തിന് ഫെഫ്കയെ പ്രേരിപ്പിച്ചതെന്നാണു സൂചന. ഇതിലൊരു നടൻ മുടിമുറിക്കൽ വിവാദം കഴിഞ്ഞ് വീണ്ടും സജീവമായ ആളാണ്. മലയാളത്തിലെ പ്രമുഖ നിർമാതാവിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയപ്പോൾ സഹനടന്റെ കൈ ഒടിഞ്ഞു. ഒടിവ് നേരെയാക്കി സഹനടനെത്തിയപ്പോഴേക്കും യുവനായകന് സമയമില്ല. പലതും പറഞ്ഞ് സിനിമ നീണ്ടു. വീണ്ടും സെറ്റിലെത്തണമെങ്കിൽ പ്രതിഫലം കൂട്ടണമെന്നു വരെ ആവശ്യമുന്നയിച്ചെന്നാണ് സംസാരം. മറ്റു രണ്ടു പേരും അടുത്തിടെ നായകനിരയിൽ എത്തി നിൽക്കുന്നവരാണ്. ഇതിലൊരാൾക്ക് ഏർപ്പെടുത്തിയ വിലക്ക് അടുത്തിടെയാണ് നീങ്ങിയത്.

Tags:    

Similar News