'വ്യാജവീഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനമല്ല; ബിബിസി റെയ്ഡുമായി താരതമ്യം ചെയ്യേണ്ട': മുഖ്യമന്ത്രി

Update: 2023-03-06 06:18 GMT

ഏഷ്യനെറ്റ് ന്യൂസ് കോഴിക്കോട് മേഖലാ ഓഫീസില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധന ബിബിസി റെയ്ഡുമായി താരതമ്യം ചെയ്യേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജ വീഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

'ബിബിസി റെയ്ഡുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ട. ബിബിസിയുടെ റെയ്ഡ് ഒരു ഭരണാധികാരിയുടെ വര്‍ഗീയകലാപത്തിലെ പങ്ക് വെളിച്ചത്ത് കൊണ്ടുവന്നതിനായിരുന്നു. ഇവിടെയുള്ള റെയ്ഡ് ഏതെങ്കിലും ഭരണാധികാരിക്കോ സര്‍ക്കാരിനോ എതിരായുള്ളതല്ല. അതുകൊണ്ട് ഇതിനെ പ്രതികാര നടപടിയെന്ന് പറഞ്ഞാല്‍ വിലപോവില്ല' മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു. '2022 നവംബറില്‍ ഏഷ്യാനെറ്റ് ന്യൂസില്‍ പൊതുവിദ്യാലയങ്ങള്‍ മയക്കുമരുന്നിന്റെ പിടിയിലാണെന്ന് തെറ്റിദ്ധരിപ്പിക്കുംവിധം പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ സ്‌കൂള്‍ യൂണിഫോമില്‍ അവതരിപ്പിച്ച് സംപ്രേഷണം ചെയ്തു. ഓഗസ്റ്റില്‍ പ്രായപൂര്‍ത്തിയായ മറ്റൊരു പെണ്‍കുട്ടിയെ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സത്യവിരുദ്ധമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ കേസിനാസ്പദമായ വീഡിയോയിലെ ഓഡിയോ സംഭാഷണം മറ്റൊരു കുട്ടിയെ ഉപയോഗിച്ച് പുനഃസൃഷ്ടിച്ച് സംപ്രേഷണം ചെയ്തുവെന്നാണ് പുതിയ പരാതിയില്‍ പറയുന്നത്. ഇത് സംബന്ധിച്ച് പി.വി.അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഇത്തരമൊരു വീഡിയോയ്ക്ക് ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെങ്ങും പ്രതിഷേധം ഉയര്‍ന്നു. എറണാകുളത്ത് ചാനലിന്റെ ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. സ്ഥാപനത്തിന്റെ പരാതിയെ തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും എട്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി' മുഖ്യമന്ത്രി പറഞ്ഞു.

ലഹരിമാഫിയക്കെതിരെ സംപ്രേഷണം ചെയ്ത വാര്‍ത്തയാണ് എസ്എഫ്‌ഐ പ്രകോപിതരയാതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ പി.സി.വിഷ്ണുനാഥ് ആരോപിച്ചു. ലഹരിമാഫിയയ്‌ക്കെതിരെ വാര്‍ത്ത വരുമ്പോള്‍ എസ്എഫ്‌ഐ പ്രകോപിതരാകുന്നത് എന്തിനാണ്. ചാനലിനെതിരെ പി.വി.അന്‍വര്‍ നല്‍കിയ പരാതിയില്‍ പറയുന്നത് സര്‍ക്കാരിനെതിരായ ഗൂഢാലോചനയാണെന്നാണ്. ലഹരിമാഫിയയ്‌ക്കെതിരായ വാര്‍ത്ത സര്‍ക്കാരിനെതിരാകുന്നത് എങ്ങനെയാണെന്നും വിഷ്ണുനാഥ് ചോദിച്ചു. ബിബിസി ഓഫീസില്‍ റെയ്ഡ് നടത്തിയ സമാനമാണ് ഏഷ്യനെറ്റ് ഓഫീസിലും റെയ്ഡ് നടന്നത്. മോദിയുടെ ഭരണകൂടവും പിണറായി ഭരണകൂടവും എന്താണ് വ്യത്യാസമെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.

സര്‍ജറി കഴിഞ്ഞ് കിടക്കുന്ന ഏഷ്യാനെറ്റ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനോട് ഇന്ന് രാവിലെ കോഴിക്കോട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ വാട്‌സാപ്പില്‍ ഇന്നലെ രാത്രി 9.30ന് സന്ദേശം ലഭിച്ചിരിക്കുകയാണെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.

മാധ്യമസ്വാതന്ത്ര്യത്തെ വിലക്കുന്നതോ നിയന്ത്രിക്കുന്നതോ ആയ ഒരു നടപടിയും ഒരു ഘട്ടത്തിലും കേരളത്തില്‍ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസ് നോട്ടീസ് നല്‍കുന്നതിന് മുമ്പ് സാധാരണ ആരോഗ്യപ്രശ്‌നങ്ങള്‍ തിരക്കാറില്ല. അവര്‍ക്ക് ഹാജരാകാന്‍ പ്രശ്‌നമുണ്ടെങ്കില്‍ അവരതറിയിക്കട്ടെ. എന്നിട്ടും പോലീസ് അതിക്രമം കാണിച്ചിട്ടുണ്ടെങ്കില്‍ ആക്ഷേപിച്ചാല്‍ പോരെ എന്നും മുഖ്യമന്ത്രി ചോദിച്ചു. മാധ്യമസ്വാതന്ത്ര്യത്തിന്റെ വിഷയം ഈ വിഷയത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. ക്രിമിനല്‍ കേസില്‍ നടപടിയെടുക്കുന്നത് ബന്ധപ്പെട്ട വ്യക്തിയുടെ തൊഴില്‍ എന്താണെന്ന് നോക്കിയല്ല. അങ്ങനെ നോക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുമില്ല. മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി വ്യാജ വീഡിയോ നിര്‍മാണം വരുന്നില്ല. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ അവള്‍ അറിയാതെ അതില്‍പ്പെടുത്തുക കൂടി ചെയ്തിട്ട് മാധ്യമ പ്രവര്‍ത്തനത്തിന്റെ പരിരക്ഷ വേണമെന്നാണ് പറയുന്നത്. കേരളത്തിലെ ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരും ഇത്തരം ദുഷിപ്പുകള്‍ മാധ്യമരംഗത്ത് ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണ്. അതില്‍ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News