കള്ളനോട്ട് കേസ് പ്രതി ജിഷ മോളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

Update: 2023-03-10 05:07 GMT

കള്ളനോട്ട് കേസിൽ ആലപ്പുഴയിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫിസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരം സർക്കാർ മാനസികാരോഗ്യ ആശുപത്രിയിലേക്കാണ് എം.ജിഷ മോളെ മാറ്റിയത്. കോടതി നിർദേശപ്രകാരമാണ് നടപടി. മാവേലിക്കര ജയിലിൽ പാർപ്പിച്ചിരുന്ന ജിഷയെ വ്യാഴാഴ്ച രാത്രിയിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ജിഷ പറഞ്ഞിരുന്നു. എന്നാലിത് കള്ളനോട്ട് സംഘത്തിലുള്ളവരെ രക്ഷിക്കാനുള്ള ശ്രമമാണെന്ന സംശയം പൊലീസിനുണ്ട്.

ആലപ്പുഴ കോൺവെന്റ് സ്‌ക്വയറിലെ ബാങ്ക് ശാഖയിൽ വ്യാപാരി കൊണ്ടുവന്ന 500 രൂപയുടെ ഏഴ് നോട്ടുകളെക്കുറിച്ച് മാനേജർക്ക് തോന്നിയ സംശയമാണ് കൃഷി ഓഫിസറായ ജിഷമോളെ കുടുക്കിയത്. ബാങ്ക് മാനജരുടെ പരാതി പ്രകാരം സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ ജിഷയുടെ വീട്ടിലെ ജോലിക്കാരൻ കുഞ്ഞുമോൻ വ്യാപാരിക്ക് നൽകിയ നോട്ടുകളാണെന്ന് ഇതെന്ന് കണ്ടെത്തി. ടാർപോളിൻ വാങ്ങിയതിൻറെ വിലയായി കുഞ്ഞുമോൻ 3,500 രൂപയുടെ കള്ളനോട്ടുകളാണ് വ്യാപാരിക്ക് കൈമാറിയത്. ഈ പണം കുഞ്ഞുമോന് നൽകിയത് ജിഷയാണ്. 

തുടർന്ന് യുവതിയുടെ വീട്ടിൽ റെയ്ഡ് നടത്തുകയും അവരെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവതി കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ നോട്ടുകളുടെ ഉറവിടം വെളിപ്പെടുത്താൻ തയാറായിട്ടില്ല. 

 

Tags:    

Similar News