വ്യാജ സർട്ടിഫിക്കറ്റ് കേസ്; അന്വേഷണ സംഘത്തിൽ സൈബർ സെൽ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി
വ്യാജ സർട്ടിഫിക്കറ്റ് കേസിലെ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി. സൈബർ സെൽ വിദഗ്ധരെ കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘത്തെ വിപുലീകരിച്ചിരിക്കുന്നത്. കേസിലെ പ്രതി വിദ്യയെ പത്താം ദിവസവും പിടികൂടാന്‍ കഴിയാത്ത സാചഹര്യത്തിലാണ് പൊലീസ് നടപടി. പുതൂർ, ചെർപ്പുളശ്ശേരി സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്.
അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ മഹാരാജാസ് കോളേജിലെ വ്യാജരേഖ ഹാജരാക്കി ജോലി നേടാൻ ശ്രമിച്ച കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ പത്താം ദിവസവും മുഖ്യപ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല. വിദ്യ എത്തിയ കാറിന്‍റെ നമ്പർ കണ്ടത്താനായിട്ടില്ലെന്ന് പൊലീസ് പറയുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി അഗളി പൊലീസ് ഇന്ന് ചിറ്റൂർ ഗവ കോളേജിലെത്തും. അഭിമുഖ പാനലിൽ ഉണ്ടായിരുന്ന ചിറ്റൂർ കോളേജിലെ മലയാളം അധ്യാപിക ശ്രീപ്രിയയുടെ മൊഴി എടുക്കും. വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ അന്വേഷണ സംഘത്തിന്‍റെ നിലപാട് 16ന് അറിയിക്കും. 20 നാണ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക.