വയനാട്ടിലെ പുഞ്ചിരിമട്ടത്തും മുണ്ടക്കൈയും പരിശോധന ; ബെയ്‌ലി പാലത്തിനടത്തും കുഴിക്കുന്നു

Update: 2024-08-01 06:56 GMT

വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരെ കണ്ടെത്താൻ പുഞ്ചിരിമട്ടത്തും മുണ്ടക്കൈയും പരിശോധന തുടരുന്നു. ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രമെന്ന് കരുതുന്ന പുഞ്ചിരിമട്ടത്ത് വീടുകളുടെ അവശിഷ്ടങ്ങൾ പോലും കാണാനില്ലെന്നാണ് പുറത്തുവരുന്ന വിവരം. വലിയ ഉരുളൻ പാറകൾ മാത്രമാണ് ഇവിടെയുള്ളത്. പുഞ്ചിരിമട്ടത്ത് വീടുകൾ ഉണ്ടായിരുന്നുവെന്ന് കണക്കാക്കുന്ന പ്രദേശത്ത് നിന്ന് ഒരു ഓട്ടോറിക്ഷയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി.എന്നാൽ ഓട്ടോറിക്ഷ പൂർണമായും മാറ്റാനും കഴിയുന്നില്ല.പാറക്കെട്ടുകൾക്കുള്ളിൽ കുടുങ്ങിയ നിലയിലാണ് ഓട്ടോറിക്ഷ.ഇതിനുള്ളിൽ മൃതദേഹം ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്. നിലവിൽ ഹിറ്റാച്ചി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കിട്ടിയാൽ മാത്രമേ രക്ഷാപ്രവർത്തനം കാര്യക്ഷമമാകൂ എന്നാണ് രക്ഷാ പ്രവർത്തകർ പറയുന്നത്.

പുഞ്ചിരിമട്ടത്തിന് മുകളിലായുള്ള കോളനിയിലും താമസക്കാരുണ്ടായിരുന്നുവെന്ന് നാട്ടുകാരൻ പറയുന്നു. ഇവിടേക്കുള്ള യാത്ര ദുഷ്കരമായതിനാൽ പരിശോധന നടത്താനുമായിട്ടില്ല. ഇന്നലെ തേയിലത്തോട്ടത്തിൽ അകപ്പെട്ട 17 പേരെ രക്ഷപ്പെടുത്തിയിരുന്നു. അതേസമയം, ബെയ്ലി പാലത്തിന് സമീപത്തും മൃതദേഹത്തിനായുള്ള തെരച്ചിൽ നടക്കുകയാണ്. അവിടെ കുഴിച്ചു നോക്കിയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഇന്ന് മുണ്ടക്കൈ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തിയിരുന്നു. അതിനിടെ, കള്ളാടി പുഴയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഒരു പുരുഷൻ്റെ മൃതദേഹമാണ് കിട്ടിയത്. ചൂരൽമല പാലം ഉണ്ടാക്കുന്നതിന് മീറ്ററുകൾക്ക് താഴെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. അതേസമയം, സർവകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും.

അതേസമയം, കാലവര്‍ഷ കെടുതിയുടെ ഭാഗമായി വയനാട്ടിൽ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8304 പേരെ മാറ്റി താമസിപ്പിച്ചു. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച എട്ട് ക്യാമ്പുകള്‍ ഉള്‍പ്പെടെയാണിത്. എല്ലാ ക്യാമ്പിലുമായി 3022 പുരുഷന്‍മാരും 3398 സ്ത്രീകളും 1884 കുട്ടികളും 23 ഗര്‍ഭിണികളുമാണ് കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായിട്ടുള്ള അവശ്യ വസ്തുക്കള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കുന്നുണ്ടെന്ന് കളക്ടർ അറിയിച്ചു. റേഷന്‍ കടകളിലും സപ്ലൈകോ വില്‍പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.

രണ്ട് ദിവസമായി നടന്ന രക്ഷാപ്രവർത്തനത്തിൽ രക്ഷിക്കാനായത് 1592 പേരെയാണെന്ന് കളക്ടർ പറഞ്ഞു. ആദ്യ ഘട്ടത്തിൽ ദുരന്തമുണ്ടായത്തിന്റെ സമീപ സ്ഥലങ്ങളിലെ 68 കുടുംബങ്ങളിലെ 206 പേരെ മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റി. ഇതിൽ 75 പുരുഷന്മാരും 88 സ്ത്രീകളും 43 കുട്ടികളും ഉൾപ്പെടുന്നു. ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടു പോയവരും വീടുകളിൽ കുടുങ്ങി പോയവരുമായ 1386 പേരെ രണ്ട് ദിവസത്തെ രക്ഷാ ദൗത്യത്തിന്റെ ഫലമായി രക്ഷിക്കാനായി. 528 പുരുഷന്മാർ, 559 സ്ത്രീകൾ, 299 കുട്ടികൾ എന്നിവരെ ഏഴ് ക്യാമ്പുകളിലേക്ക് മാറ്റി. 201 പേരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കാനായി. ഇതിൽ 90 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളതെന്ന് കളക്ടർ അറിയിച്ചു.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ ഉയരുകയാണ്. ഇന്ന് രാവിലെയോടെ മരണം 276 ആയി ഉയർന്നു. കനത്ത മഴ രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ടെങ്കിലും ബെയ്‌ലി പാലം നിർമാണം പൂർത്തിയാക്കാനൊരുങ്ങുകയാണ് സൈന്യം. നിലവിൽ പാല നിർമാണം അവസാന ഘട്ടത്തിലാണ്. ഇന്ന് ഉച്ചയ്ക്ക് മുമ്പ് പാലത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് സൈന്യത്തിന്‍റെ പ്രതീക്ഷ. ഇനിയും 240 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവ‍ര്‍ത്തനങ്ങളാണ് ഇന്ന് നടന്നുവരുന്നത്.

Tags:    

Similar News